കുറുമ്പിട്ടൊരു മീമ്പിടിത്തം ഉഷാറാന്നേ …………
മീമ്പിടിക്കാനെന്നാ വഴി
വഴികളൊത്തിരി ഉണ്ടന്നേയ്…. കോട്ടയത്താന്നോ വഴികൾക്കും പോംവഴികൾക്കും പഞ്ഞം …. ആറ്റിലെ മീനേ പിടിക്കാനേ നൂറ്റിയൊന്നു വഴികളല്ലിയോ ഉള്ളേ. പണയിലെ മീമ്പിടിക്കാനാണേൽ വേറെ വഴികൾ.. കായലിലെ മീനേ പിടിക്കാനാണേൽ വേറേ
അങ്ങനെയങ്ങനെ…
മീൻ കൂട്ടങ്ങളെ ആകർഷിക്കുവാനുള്ള വഴികളുണ്ട്. പണ്ട് പാടത്തും വെള്ളച്ചാലുകളിലും കർഷകരും മീൻപിടുത്തക്കാരും ഒരു സൂത്രപ്പണി ചെയ്തിരുന്നേ ..
അതാന്നേ കുറുമ്പിടൽ …
ക്ലാഞ്ഞിലുകളും മടൽത്തുണ്ടുകളും ഓലക്കാലുകളും ചേർത്ത് നിർമ്മിക്കുന്ന സംവിധാനമാണ് കുറുമ്പിടൽ. വെള്ളത്തിൽ ക്ലാഞ്ഞിലുകളും മടലുകളും കുത്തി നിർത്തി വളച്ചുകെട്ടി വയ്ക്കുന്നതാണ് കുറുമ്പിടൽ .. മീനുകൾക്ക് വന്ന് തങ്ങാനൊരിടമാണേ
read also: കുലസ്ത്രീ/ കുടുംബസ്ത്രീ, ശുദ്ധി/വൃത്തിബോധങ്ങളൊന്നുമില്ലാത്ത പള്ളത്തി.. ഒരു കോട്ടയം കുറിപ്പ്
വേണേൽ മീൻ താവളം യെന്നൊക്കെ പറയാന്നേ …….
കാരി ,കൂരി, കല്ലട ,വരാല് ,ചേറുമീൻ .ആ രകൻ ഉൾപ്പെടെയുള്ള മീനുകളാന്നേ കുറുമ്പിനുള്ളീ താവളമടിക്കുക … ചാലിലെ വെള്ളം വലിയുന്ന നേരം നോക്കി കുറുമ്പിട്ടിടത്തു തപ്പിയാലേ എന്നാ കിട്ടും. ?
കൈ നിറയെ മീൻ കിട്ടത്തില്ലിയോ ?
ആന്നേ നിറച്ചും മീൻ കിട്ടൂന്നേ
പിന്നെ ഒരു കാര്യം…
കാരിയെ പിടിക്കുന്നേന് ഒന്ന് സൂക്ഷിച്ചോണെ
ആളൽപ്പം പിശകാ.. മെഴുമെഴാന്നുള്ള ശരീരം അത് ആവശ്യത്തിലേറെ വളയ്ക്കാനുള്ള അഹങ്കാരം,പിന്നെയോ
കുത്താൻ പറ്റിയ രണ്ട് കൊമ്പും ഉള്ള മീൻ …
കാരീടെ കുത്ത് കിട്ടിയോരോടു ചോദിച്ചാ അറിയാം അതിൻ്റെ ഒരു സുഖം…
നട്ടെല്ലീക്കൂടെ ഒരു മിന്നൽ പാഞ്ഞ ഫീലാ.. പിന്നെയോ.
കുത്തു കിട്ടിയേടത്തു നല്ല നീറ്റലും പുകച്ചിലുമാന്നേ
ചോരയാന്നേ കുത്ത് കിട്ടിയ തുളയിലൂടെ തുള്ളിച്ചാടി ഒഴുകു വല്ലിയോ. .നല്ല കിടു കിടുപ്പം… അതാണ് കാരീടെ കുത്ത് കിട്ടിയാലുള്ള ഫലം ..
ആ പിന്നേ, കറുത്ത കാരീം വെളുത്ത കാരീ മുണ്ടേ .വെളുപ്പെന്നു പറഞ്ഞാലേ കോട്ടൺ രാംരാജിൻ്റെ വെളുപ്പല്ലാന്നേ. ചാരക്കളർ എന്ന് പറയാവുന്ന തരത്തിലുള്ളത് .. ആളൊരു സാധുവാ… ഒരു ഒടുവിൽ ഉണ്ണികൃഷ്ണൻ ലൈനാ … ആരേം കുത്തുകേലാ ഉപദ്രവിക്കുകേലാ .. കാരണമെന്നാ കൊമ്പിന് കട്ടിയില്ലാന്നേ. പിന്നാണേ ആളൊരു മടിയനും അതുകൊണ്ടാന്നേ പടിഞ്ഞാട്ടുകാര് ഈകാരീ നെ ത്ളാപ്പനെന്നാ വിളിക്കുന്നേ .ഒരു നിർദോഷി ഐറ്റമാ
പിന്നെ കാരിക്കൊരു മൂത്താപ്പയുണ്ടേ.
അവനിതിനേക്കാൾ ഭീകരനാ .കൂട്ടത്തിലെ കൊമ്പൻ എന്ന് പറയാം.
read also: ചോപ്പൻ പാറ്റയോ പച്ചത്തവളയോ ചൂണ്ടലിൽ കൊടുത്താ ‘ബ്ലും’ എന്നൊരു ചാടിപ്പിടുത്തം- ഒരു വരാലിൻ്റെ കഥ
മുഷി. …
എന്നാ സൈസാന്നോ
ഭയങ്കര രുചിയുമാ…
കാരിയേക്കാൾ അപകടകാരിയാ മുഷി. സൂക്ഷിച്ച് പിടിച്ചില്ലേൽ പിടിക്കാൻ ചെല്ലുന്നോനെ കൊമ്പ് കൊണ്ട് പൂളിക്കളയും.
മുഷിക്കൊമ്പ് കൊണ്ടാലേ നല്ല ആഴത്തില് മുറിയുമെന്നേ… എങ്ങാനും പൂളിപ്പോയാ പിന്നെ മുറിവ് തുന്നലിടേണ്ടി വരുമെന്നതിൽ ഒരു സംശയോമില്ലാന്നേ
മുഷിയെ പിടിച്ച് പാത്രത്തിലാക്കിയാ പിന്നെ പേടിക്കാനൊന്നുമില്ലാന്നേ… ആള് അടങ്ങിയൊതുങ്ങിക്കിടന്നോളും… വെട്ടി വൃത്തിയാക്കി നല്ല ഞുറുക്കൻ ഞൂറുക്കിട്ട് മീൻ കൂട്ടുമിട്ട് അടുപ്പത്തങ്ങ് വെച്ച് തെളപ്പിച്ചാ മതിയെന്നേ… കറിയങ്ങ് കയറി ഉഷാറാവത്തില്ലിയോ…
തീ വലിച്ച് ചട്ടിയൊതുക്കി വെച്ചു കഴിഞ്ഞേച്ച് അടപ്പങ്ങോട്ട് മാറ്റി നോക്കിയേച്ചാ ഒരു കാഴ്ച കാണാന്നേയ്…
എന്നതാ ടാ ഉവ്വേ ?
നല്ല നെയ് മുറ്റിയ കാഴ്ചയാന്നേ.. മീൻ ചട്ടിക്കുള്ളി ചാറിനു മേൽ നിറഞ്ഞ് തുള്ളിക്കളിക്കുന്ന നെയ്ത്തുള്ളികൾ …. അടിപൊളിയാ. അത് കാണുമ്പോഴേ മീൻ കൂട്ടാൻ കഴിക്കാൻ കൊതി നിറയുമെന്നേ …
ങ്ങാ….. പിന്നൊരു കാര്യം .. പടിഞ്ഞാറേകരയില് എല്ലാം മുഷിനെ കറി വെക്കാറാ പതിവ്. വറക്കണ ശീലമില്ലാന്നേ.. ഓ.. മുഷിയൊന്നും വറത്താ ചൊവ്വാ കത്തില്ലാന്നേ .. കറിയാ ടേസ്റ്റ് .നല്ല കൊടംപുളിയുടെ പുളിയൂറുന്ന രുചിയും നെയ്യും എരിവും കൂടിച്ചേർന്നാലേ…
എന്നാ പിന്നെ കാരിയോ?
പുള്ളിയെ എന്നാ വേണേലും ചെയ്യാം.. വറുക്കണേ വറക്കാം .കറിയാക്കണേ കറിയാക്കാം..
പക്ഷേ ഒരു കാര്യമുണ്ടേ
കാരിയെ വൃത്തിയാക്കല് ഇച്ചിരെ മിനക്കേടാന്നേ…
ആദ്യമേ തൊലി പൊളിച്ചങ്ങ് വെളുപ്പിച്ചെടുക്കണം .അതിന് ഒരു ഗുസ്തി പിടുത്തമാ. തല വെട്ടിക്കളഞ്ഞതിനു ശേഷം നല്ല പച്ച ഈർക്കിൽ കൂർമ്പിച്ചെടുത്ത് കാരിയുടെ മാംസളമായ ദേഹത്ത് കുത്തിയിറക്കി വെക്കുന്നു എന്നിട്ട് പിച്ചാത്തിയെടുത്ത് ഈർക്കിലിനടിയിലൂടെ കടത്തി തോലു പൊട്ടിക്കണം എന്നിട്ട് ബാക്കി നിക്കണ തൊലി പൊളിച്ച് കളയണം..
തോലു കളഞ്ഞാപ്പിന്നെ എളുപ്പമായെന്നു കരുതണ്ടായേ…. പണി കിടക്കുന്നതല്ലിയേ ഉള്ളൂ…
എന്നാ അദ് ?
ഞരമ്പ് പൊട്ടിക്കണ്ടായോ? കാരീടെ ഉടലിൽ രണ്ടു ഭാഗത്തുമായി മാംസത്തിനുള്ളിലൂടെ കടന്നു പോവുന്ന രണ്ടു കറുത്ത കുഴലുകളുണ്ട് അവ കീറിയെടുത്ത് കളയണം എന്നിട്ടേ കറി വെക്കാൻ പാടുള്ളൂ.. ഇല്ലേൽ അരുചി ആയിപ്പോകും… കാരിയെ കറി വെക്കുന്നതിനെക്കാൾ നല്ലത് വറുക്കുന്നതാന്നേ…വറവ് കഴിഞ്ഞിട്ട് ഒരു പീസ് എടുത്തു നോക്കിയേ .നല്ല മൊരുമൊരാന്ന് ഇരിക്കും കാരിക്കുട്ടൻ … കറു മുറാ കടിക്കാം. എന്നാ രുചിയാന്നോ ….. സൂപ്പറാ
പിന്നേ , ഈ. കുറുമ്പിടലു മാത്രമൊന്നുമല്ലാ പടിഞ്ഞാട്ടുള്ളത് മീമ്പിടിക്കാൻ ….
പുല്ലടി വെക്കുക ,വെള്ള വലിക്കുക ആദിയായ കലാപരിപാടികളൊക്കെയുണ്ടെന്നേയ്..
പുല്ലടിവെച്ച് പിടിക്കുന്നത് ആരെയാ…
അത് പള്ളത്തീനെയാന്നേ . പുല്ലടി വെക്കാൻ വല്യ ഐറ്റംസ് ഒന്നുമില്ലാന്നേ .രണ്ട് വാഴത്തട മാത്രം മതീ ന്നേ …
ഒന്ന് പോയേടാ ഉവ്വേ ?അതെങ്ങനാ ഒക്കുന്നേ … മീനെ തല്ലിപ്പിടിക്കാനാന്നോ മറ്റോ ?
ഓ അതല്ലാന്നേ പുല്ലടിവെച്ച് പിടിക്കാനാന്നേ .നല്ല രണ്ട് വാഴത്തട എടുക്കുക.അതിപ്പോ പാളയംകോടൻ്റെയാ എത്തൻ്റയോ, ആറ്റു കണ്ണൻ്റെയോ മലങ്കണ്ണൻ്റെയോ ആവാം… എന്നായേലും തട കിട്ടിയേച്ചാ മതിയേ… ഇല കളഞ്ഞ് ചീകിയ തണ്ട് രണ്ടു കയ്കളിലായ് പിടിച്ച് ആഴം കുറഞ്ഞ ഭാഗത്ത് പതിയെ തല്ലുക .. നിശ്ചിത പരിധിക്കുള്ളിൽ നിൽക്കുന്ന ചെറിയ മീനുകൾ വിരളുമെന്നേ … പുല്ലടി വെച്ച് വെച്ച് വാഴത്തടകൾ പരമാവധി അടുപ്പിച്ച് കൊണ്ടു വന്നേക്കുക .. പള്ളത്തീ അങ്ങ് ചെളിയിൽ പുല്ലി നിൽപ്പുണ്ടാകും അതിനെ അങ്ങ് തപ്പി പെറുക്കിയെടുത്തേക്കുക. അത്രേ ഉള്ളു……
ഇനിയൊര് ഉഗ്രൻ ഐറ്റം കൂടിയുണ്ടേ .. അതാന്നേ വെള്ള വലിക്കൽ … തറവാടിയായ കരിമീനെപ്പിടിക്കുന്ന ഹൈടെക് ടെക്നോളജിയാന്നേ….
അതിന് പ്രത്യേകിച്ച് ചെലവൊന്നൂല്ലാ .. ലേശം കുരുത്തോല ലേശം കയറ് കിട്ടിയാ എല്ലാമൊത്തെന്നേയ്….
തൈ തെങ്ങീ കയറി കൂമ്പോല കുത്തിയെടുക്കണം. ആ കൂമ്പോലയാണ് കുരുത്തോല .അത് എടുത്തേച്ച് ഈർക്കിലികൾ കീറിക്കളഞ്ഞേക്കുക… ഈക്കി ലി ഈ കലാ പരിപാടിക്കാവശ്യം ഇല്ലാന്നേയ്…. പിന്നെ എടുത്ത കുരുത്തോലകൾ തോരണം പോലെ കയറി കെട്ടുക …എന്നിട്ടെന്നാ …
അതു പിന്നെ കരേലിരുന്നേച്ച് വെള്ള വലിക്കാംമ്പറ്റോ
ഇല്ലാന്നേ എന്നാപ്പിന്നെ ആറ്റിലേക്കോ കായലിലേക്കോ ഇറങ്ങിക്കോ….
എന്നിട്ട് ….
തോരണം പോലെ കെട്ടി നീട്ടിപ്പടർത്തിയ കുരുത്തോലപ്പടർപ്പ് വെള്ളത്തിലൂടെ സ്പീഡില് വലിക്കുക .. അപ്പമൊരൽപ്പം ഭീകരതയൊക്കെ വരുമല്ലോ..
വെള്ളത്തിലെ വെള്ളിക്കളർ കണ്ട് കരിമീനുകൾ ഭയക്കും എന്നിട്ട് ചേറ്റിലങ്ങ് പുല്ലും ..
പുല്ലിയാപ്പിന്നെ എളുപ്പ വാന്നേ
വെള്ളത്തിക്കൂടെ തപ്പിച്ചെന്ന് അങ്ങ് പതുക്കി ഞെക്കിപ്പിടിയങ്ങ് പിടിച്ചേക്കുക .. കയ് ഉറച്ചാപ്പിന്നെ കരേ ലേക്ക് എറിഞ്ഞേക്കുക.
കരിമീൻ്റെ വിധി അതോടെ തീരുമാനമായ്ക്കോളുന്നേ…
ഇനിയെങ്ങാനും ജീവൻ്റെ പടപ്പ് ബാക്കിണ്ടെന്നാലേ
എന്നാ സംഭവിച്ചേന്ന് പുള്ളിക്കാരനെന്ന് ഗവേഷണം ചെയ്തു നോക്കട്ടെന്നേ ..
കാലം മാറി…. കഥ മാറീന്നേ… കുറുമ്പിടലൊക്കെ ഇല്ലാതായെന്നെ.. പുല്ലടിയും വെള്ളവലീം ഇല്ലാതായെന്നേ….ഇനിയിപ്പോ മിഷ്യൻ ചൂണ്ടേടെ കാലമല്ലിയോ ……..
അനിൽകുമാർ ( തുടരും)
Post Your Comments