കൊല്ലം: മത്സ്യബന്ധന തുറമുഖങ്ങളിലും ബോട്ടുകളിലും പരിശോധന നടത്തി എക്സൈസ് സംഘം. നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് സംയുക്തമായിട്ടാണ് മത്സ്യബന്ധന തുറമുഖങ്ങളിലും യാനങ്ങളിലും കൊല്ലം എക്സൈസ് പരിശോധന നടത്തിയത്.
കൊല്ലം അസി.എക്സൈസ് കമീഷണർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ കൊല്ലം, നീണ്ടകര മത്സ്യബന്ധന തുറമുഖങ്ങളിലും യാനങ്ങളിലുമായിരുന്നു പരിശോധന. എക്സൈസ് സംഘം രണ്ടുസംഘങ്ങളായി തിരിഞ്ഞാണ് ആഴക്കടലിൽ പരിശോധന നടത്തിയത്. ഒരുസംഘം കൊല്ലം മത്സ്യബന്ധന തുറമുഖത്തുനിന്ന് പരിശോധന തുടങ്ങി തങ്കശ്ശേരി മുതൽ പരവൂർ വരെയുള്ള മേഖലയിലും രണ്ടാംസംഘം നീണ്ടകര മുതൽ അഴീക്കൽ വരെയുമാണ് പരിശോധന നടത്തിയത്.
Read Also : ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!
കോസ്റ്റൽ പൊലീസിന്റെ ദർശന, യോദ്ധ എന്നീ സമുദ്ര നിരീക്ഷണ ബോട്ടുകൾ ഉപയോഗിച്ച് കരയിൽ നിന്നും 12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള സാമുദ്ര അതിർത്തി പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. തദ്ദേശീയമായതും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളതുമായ നിരവധി ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു. ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ച് കൂടുതൽ മേഖലകളിൽ പരിശോധന തുടരുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷ് വ്യക്തമാക്കി.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്. ഷാജി, കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി. രാജു, കൊല്ലം എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജി. ഉദയകുമാർ, നീണ്ടകര കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സാജൻ ആൻറണി, ബി. രാജീവൻ, എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ ശശികുമാർ, ഉണ്ണികൃഷ്ണപിള്ള, ഷാനവാസ്, ഷഹറുദ്ദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, നിധിൻ, അഭിജിത്ത്, രജീഷ്, ജോജോ, രജിത് കെ. പിള്ള, വനിത സിവിൽ എക്സൈസ് ഓഫിസർ ട്രീസ എന്നിവരും ഉണ്ടായിരുന്നു.
Post Your Comments