തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍. കെ റെയില്‍ പദ്ധതിയെക്കുറിച്ച് കൂടുതല്‍ പഠനംവേണമെന്ന് പറഞ്ഞ് യുഡിഎഫ് കൊണ്ടുവന്ന നിവേദനത്തില്‍ ഓപ്പുവെക്കാതെ മാറി നിന്നതിനെ തുടർന്നാണ് മുല്ലപ്പള്ളി തരൂരിനെതിരെ രംഗത്ത് എത്തിയത്. കെ റെയില്‍ ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നും എല്ലാ നേതാക്കളും എതിര്‍ക്കുമ്പോള്‍ തരൂര്‍ മാത്രം പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞത് ജനങ്ങളെ കബളിപ്പിക്കുന്നതിന് തുല്ല്യമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിക്കണമെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
Read Also: ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശം
‘കോണ്‍ഗ്രസിന്റ സംസ്‌കാരം ഇതല്ല. ശശി തരൂര്‍ അന്താരാഷ്ട്ര പ്രസിദ്ധനായ ഒരു രാജ്യ തന്ത്രഞ്ജനോ, പ്രാസംഗികനോ, എഴുത്തുകാരനോ ആയിരിക്കാം. പക്ഷെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താത്വികമായ അച്ചടക്കങ്ങളും അദ്ദേഹം പഠിക്കേണ്ടതായിട്ടുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ആളാണെങ്കില്‍ കെ റെയിലിനെ പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശി തരൂരിന്റേത്. എംപിയുടെ നടപടി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് ഇടപെടല്‍ എത്രയും പെട്ടെന്ന് വേണം. നേരത്തെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൊടുത്ത നീക്കത്തെ അനുകൂലിച്ചയാളാണ് തരൂർ’- മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.
Post Your Comments