കൊച്ചി : ഇന്ത്യന്‍ മഹാസമുദ്രം വഴി ആയുധങ്ങളും ലഹരിമരുന്നുകളും കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയിലും ശ്രീലങ്കയിലും തമിഴ് തീവ്രസംഘടനയായ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികള്‍ 9 പേരും ശ്രീലങ്കന്‍ സ്വദേശികളാണ് . ബോട്ടില്‍നിന്നു പിടികൂടിയ നന്ദന, ജനക ദാസ് പ്രിയ, രണസിംഗ, സേനാരഥ്, നിശങ്ക, നിശാന്ത, തുടര്‍ അന്വേഷണത്തില്‍ പിടിയിലായ സുരേഷ്, രമേശ്, സബേശന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. യുഎപിഎയിലെ വിവിധ വകുപ്പുകളും ആയുധ നിരോധന നിയമവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 25നാണ് ഇറാനില്‍നിന്ന് 300 കിലോ ഹെറോയിനുമായി പോകുകയായിരുന്ന രവി ഹന്‍സി എന്ന ശ്രീലങ്കന്‍ ബോട്ടിനെ തീരസംരക്ഷണ സേന പിടികൂടിയത്.
300 കിലോ ഹെറോയിനും അഞ്ച് എകെ 47 തോക്കുകളും 1000 തിരകളും ഇവരില്‍നിന്നു കണ്ടെത്തിയിരുന്നു. സംശയകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിച്ച ബോട്ട് തടഞ്ഞുവച്ച് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്നും ആയുധശേഖരവും കണ്ടെത്തിയത്. രാജ്യാന്തര വിപണിയില്‍ 3000 കോടി രൂപ വിലവരുന്നതായിരുന്നു ഇവ. ഇറാന്‍ ബോട്ട് മിനിക്കോയ് ദ്വീപിനു സമീപത്തുവച്ച് ലഹരിമരുന്നു കൈമാറി എന്നായിരുന്നു നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കു പ്രതികള്‍ നല്‍കിയ മൊഴി.
നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചതെങ്കിലും ആയുധങ്ങളുമായി വിദേശ പൗരന്‍മാര്‍ പിടിയിലായതിനാല്‍ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments