ഡെറാഡൂണ്‍: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഉത്തരാഖണ്ഡിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ പ്രധാന ശ്രദ്ധ സൈനികരിൽ ആണെന്ന് വിമർശനം. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സേനാമേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തിന്റെ കൂറ്റന്‍ കട്ടൗട്ടുമായിട്ടാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചരണം. ഇതാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ 2022 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് നടത്തിയ റാലിയിലാണ് ബിപിൻ റാവത്തിന്റെ വലിയ ബാനർ ഉയർത്തിയത്. വ്യാഴാഴ്ച നടന്ന രാഹുൽ ഗാന്ധിയുടെ റാലിയിലായിരുന്നു സംഭവം. ബിപിന്‍ റാവത്തിന്റെ കട്ടൗട്ട് രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടിനേക്കാള്‍ വലുത് ആയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. മുൻ കോൺഗ്രസ് അധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ കട്ടൗട്ടും സ്ഥാപിച്ചിരുന്നു.
ബിപിൻ റാവത്തിനെ കൂടാതെ, ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് സൈനികരുടെ ചിത്രവും സമ്മേളന വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ, കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തി. ബിപിന്‍ റാവത്ത് രാജ്യത്തിന്റെ അഭിമാനമാണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചതെന്നുമാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നല്കുന്ന വിശദീകരണം.
Post Your Comments