തിരുവനന്തപുരം: ഇനി കൊള്ള നടക്കില്ല. ആയിരം ഇരട്ടി പിഴയുമായി സർക്കാർ. മദ്യത്തിന് അധിക വില ഈടാക്കുകയും ക്രമക്കേടുകള്‍ നടത്തുകയും ചെയ്യുന്ന ബെവ്‌കോ ജീവനക്കാര്‍ക്ക് കൂടുതൽ പിഴയുമായി അധികാരികൾ. നിരവധി തവണ മുന്നറിയിപ്പു നല്‍കിയിട്ടും ക്രമക്കേടുകള്‍ തുടരുന്ന സാഹചര്യത്തിലാണ് നടപടി.
പരമാവധി വിലയേക്കാല്‍ കൂടുതല്‍ തുക മദ്യത്തിന് ഈടാക്കിയാല്‍ അധികമായി ഈടാക്കിയ തുകയുടെ ആയിരം ഇരട്ടിയാണ് പിഴയായി ഇനി നൽകേണ്ടത്. ഡ്യൂട്ടി സമയത്ത് മദ്യപിച്ചാല്‍ 30,000രൂപ പിഴ. അതുകൂടാതെ അച്ചടക്ക നടപടിയും ഉണ്ടാകും. മോഷണം, ഫണ്ട് വെട്ടിപ്പ് തുടങ്ങിയവയ്ക്ക് ക്രിമിനല്‍ കേസിനു പുറമേ മോഷ്ടിച്ച തുകയുടെ 1000 ഇരട്ടി പിഴ ഈടാക്കും. പരിശോധനയില്‍ കളക്ഷന്‍ തുകയില്‍ കുറവോ കൂടുതലോ കണ്ടാല്‍ കുറവോ കൂടുതലോ ഉള്ള തുകയുടെ 100%മാണ് പിഴ.
ബ്രാന്‍ഡുകള്‍ പൂഴ്ത്തിവച്ചാല്‍ പൂഴ്ത്തിവച്ച ബ്രാന്‍ഡിന്റെയും വിറ്റ ബ്രാന്‍ഡിന്റെയും എംആര്‍പി വ്യത്യാസത്തിന്റെ നൂറിരട്ടി ഈടാക്കും. വില കുറഞ്ഞ മദ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ ഷോപ്പ് മേധാവിയില്‍നിന്ന് 5000 രൂപ പിഴ ഈടാക്കും. കൂടാതെ ബാധ്യതാ പ്രസ്താവന, ക്ലോസിങ് കണക്കുകള്‍, ഡെഡ് സ്‌റ്റോക്കിന്റെ കണക്കുകള്‍ എന്നിവ യഥാസമയം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പ്രതിമാസം 10,000 രൂപ പിഴ ഈടാക്കും.
Post Your Comments