കറാച്ചി : കോവിഡ് വ്യാപനം കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കം ചെയ്തെങ്കിലും പാകിസ്ഥാനിലെ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കാണികൾ എത്തുന്നില്ല. ഇപ്പോൾ നടന്നുവരുന്ന പാകിസ്ഥാൻ– വെസ്റ്റിൻഡീസ് ട്വന്റി20 മത്സരങ്ങൾ കാണാൻ വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തുന്നത്. ഈ സാഹചര്യത്തിൽ കാണികളോട് സ്റ്റേഡിയത്തിലേക്ക് എത്താൻ പ്രത്യേക അഭ്യർത്ഥനയുമായി മുൻ താരങ്ങളായ വസിം അക്രവും ഷാഹിദ് അഫ്രീദിയും രംഗത്ത് വന്നിരുന്നു.
32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന പാകിസ്ഥാൻ – വെസ്റ്റിൻഡീസ് മത്സരം കാണാൻ എത്തിയത് വെറും 4000 പേർ മാത്രമാണ്. ഈ സാഹചര്യം മറിക്കടക്കാൻ സ്റ്റേഡിയത്തിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് റമീസ് രാജ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത് നടപ്പിലാകാത്തത് കാണികളുടെ കുറവിന് കാരണമായിയെന്ന് കരുതുന്നു.
Read Also : ആഷസ് രണ്ടാം ടെസ്റ്റ്: ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സ്റ്റേഡിയത്തിന്റെ സമീപത്ത് പാർക്കിംഗ് സൗകര്യം ഇല്ലാത്തതും, കനത്ത സുരക്ഷയുമാണ് കാണികളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. ദേശീയ ടീമിന്റെ ഉൾപ്പെടെ മത്സരങ്ങൾ കാണാൻ ഇത്രയും കുറവ് കാണികൾ എത്തുന്നത് വേദനാജനകമാണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾ പ്രതികരിച്ചു. ഇതോടെ ടിക്കറ്റ് നിരക്ക് പകുതിയായി കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടുതൽ കാണികൾ എത്തുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷ.
Post Your Comments