മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം.
എല്ലാ വീടുകളിലും അടുക്കളയില്‍ തീര്‍ച്ചയായും കാണപ്പെടുന്ന ഒരു പ്രധാന ചേരുവയാണ് ഉള്ളി. മിക്കവാറും കറികളിലെ ഒരു ചേരുവയായിട്ടാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ഇത് പാകം ചെയ്യാതെ കഴിക്കുന്നതാണ് നല്ലത്. കരള്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിനും അതുപോലെ ബിപി നിയന്ത്രിച്ചുനിര്‍ത്താനുമെല്ലാം ഉള്ളി ഏറെ സഹായകമാണ്. പലവിധ അണുബാധകളെ ചെറുക്കാനും ഉള്ളി ശരീരത്തെ സഹായിക്കുന്നുണ്ട്.
ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും കാര്യമായി പാകം ചെയ്യാതെ സലാഡ് ആയോ, സൂപ്പില്‍ ചേര്‍ത്തോ എല്ലാം കഴിക്കുന്നതാണ് നല്ലത്. വൈറ്റമിന്‍- സി, കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങി പല അവശ്യഘടകങ്ങളുടെയും കലവറയാണ് ബ്രൊക്കോളി. ഇതിന് പുറമെ ബിപി നിയന്ത്രണത്തിലാക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനുമെല്ലാം ഇതിന് കഴിവുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന ആന്റി-ഓക്‌സിഡന്റുകള്‍ പ്രായം കൂടുന്നതിന് അനുസരിച്ചുള്ള ചര്‍മ്മപ്രശ്‌നങ്ങള്‍ കുറയ്ക്കാനും, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുമെല്ലാം സഹായിക്കുന്നു.
വൈറ്റമിന്‍, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിങ്ങനെ സുപ്രധാനമായ പല അവശ്യഘടകങ്ങളും അടങ്ങിയ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇവയ്ക്ക് പുറമെ ധാരാളം ഫൈബറും ഫോളേറ്റും ബീറ്റ്‌റൂട്ടിലടങ്ങിയിരിക്കുന്നു. ഇതും പരമാവധി ഫ്രഷ് ആയി കഴിക്കുന്നത് തന്നെയാണ് നല്ലത്.
ഉള്ളിയെ കുറിച്ച് പറഞ്ഞതുപോലെ തന്നെ മിക്ക അടുക്കളകളിലെയും മറ്റൊരു പ്രധാന ചേരുവയാണ് തക്കാളി. ഇതും പച്ചയ്ക്ക് ഉപയോഗിക്കുന്നതിലൂടെ പല ഗുണങ്ങള്‍ ശരീരത്തിന് നേടാവുന്നതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന ‘ലൈസോപീന്‍’ അതുപോലെ മറ്റ് ആന്റി-ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും വണ്ണം കുറയ്ക്കാനുമെല്ലാം സഹായകമാണ്. പ്രതിരോധ വ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും തക്കാളി സഹായകമാണ്. ചര്‍മ്മത്തിനേല്‍ക്കുന്ന കേടുപാടുകള്‍ തീര്‍ക്കുന്നതിനും തക്കാളി ഉത്തമമാണ്.
Post Your Comments