ബംഗളൂരു : ക്യാപ്റ്റന്‍ വരുണ്‍സിംഗും വിട പറഞ്ഞതോടെ രാജ്യ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി ഹെലികോപ്ടര്‍ ദുരന്തം മാറി. ഇതോടെ ഹെലികോപ്ടറിലുണ്ടായിരുന്ന 14 പേരും ചരിത്രത്തിന്റെ ഭാഗമായി മാറി. അപകടത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തയായിരുന്നു വരുണ്‍ സിംഗ്. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴായിരുന്നു വരുണ്‍ സിംഗിന്റെ വിയോഗ വാര്‍ത്ത വ്യോമസേന പുറത്തുവിട്ടത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ അപകടദിവസം മരിച്ചിരുന്നു.
അപകടത്തില്‍ അദ്ദേഹത്തിന്റെ 80 ശതമാനത്തോളം ശരീര ഭാഗങ്ങളും പൊള്ളേറ്റിരുന്നു. കഴിഞ്ഞ ദിവസം വരുണ്‍ സിംഗ് മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെ രാജ്യം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിച്ചത്. ഉയര്‍ന്ന് പറക്കുമ്പോള്‍ എയര്‍ക്രാഫ്റ്റിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. എന്നാല്‍ തകരാര്‍ മനസ്സിലാക്കി മനസാന്നിധ്യം കൈവിടാതെ അദ്ദേഹം ഉയരം ക്രമീകരിച്ച് എയര്‍ക്രാഫ്റ്റ് നിലത്തിറക്കി. സ്വാതന്ത്ര്യ ദിനത്തില്‍
ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്.
വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലെ ഡയറക്ടിങ് സ്റ്റാഫായിരുന്നു വരുണ്‍ സിങ്. ഭരണത്തലവന്മാര്‍, സംയുക്ത സേനാ മേധാവി, സേനാ മേധാവികള്‍ തുടങ്ങിയവര്‍ വെല്ലിങ്ടണ്‍ സന്ദര്‍ശിക്കുമ്പോള്‍ കോളജ് സ്റ്റാഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അവരെ സുലൂര്‍ വ്യോമതാവളത്തില്‍ സ്വീകരിക്കുകയും കോളജിലേക്കുള്ള യാത്രയില്‍ അനുഗമിക്കുകയും വേണമെന്നാണു ചട്ടം. ഇതിന്റെ ഭാഗമായാണു വെല്ലിങ്ടണില്‍ നിന്ന് വരുണ്‍ അപകടദിവസം സുലുരിലെത്തിയത്.
റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്റെ പിതാവ്. സഹോദരന്‍ തനൂജും നേവി ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ഊട്ടിക്ക് സമീപം കൂനൂരില്‍ 14 പേര്‍ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടര്‍ തകര്‍ന്നത്.
Post Your Comments