ദുബായ്: എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. നിയമലംഘനം നടത്തുന്നവർക്ക് 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ട്വിറ്ററിലൂടെയാണ് അബുദാബി പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ഡ്രൈവ് ചെയ്യുന്നതിനിടയിൽ റോഡിൽ ശ്രദ്ധ ചെലുത്താത്തതിനാൽ സംഭവിച്ച ഒരു അപകടത്തിന്റെ ദൃശ്യങ്ങളും പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഡ്രൈവിങ്ങിലെ അമിതവേഗം, അശ്രദ്ധ എന്നിവയാണ് എമിറേറ്റിലെ റോഡപകടങ്ങൾക്ക് മുഖ്യകാരണമെന്നാണ് പോലീസ് അറിയിക്കുന്നത്.
വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോണുകളിൽ സംസാരിക്കുക, സന്ദേശങ്ങൾ അയക്കുക, ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കുക, സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ കൈമാറുക, ഫോട്ടോ എടുക്കുക തുടങ്ങിയ പ്രവൃത്തികളൊന്നും നടത്തരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments