തിരുവനന്തപുരം: സംഘപരിവാർ ശൈലിയിലുള്ള സമീപനം കേരളത്തിലെ മുഖ്യമന്ത്രി യു.ഡി.എഫിനോടോ കോൺഗ്രസിനോടോ എടുക്കേണ്ടെന്ന താക്കീതുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പോലീസിനെതിരെ സമരം ചെയ്യുന്നവർക്ക് നേരെ തീവ്രവാദബന്ധം ആരോപിക്കുന്നതൊന്നും ശരിയല്ലെന്നും സി.പി.എമ്മിന് സംഘപരിവാർ മനസാണെന്നും വി.ഡി സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും പറഞ്ഞ രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാവ് പിന്തുണച്ചു. രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസിന്റെ അഭിപ്രായമാണെന്നും സതീശൻ പറഞ്ഞു. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നും അതുതന്നെയാണ് തനിക്കും കോൺഗ്രസിനും പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:കേരള പൊലീസിൽ ആർഎസ്എസ് ഉണ്ട്: സിപിഐ വാദം ശരിയാണെന്ന് പ്രതിപക്ഷനേതാവ്
‘രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട ആളാണ് ഞാൻ. നിങ്ങൾക്ക് ഹിന്ദി മനസിലായി കാണില്ല. അവിടെ ഇരുന്ന ആൾക്കാർക്കും ഞങ്ങൾക്കുമൊക്കെ എന്താണെന്ന് മനസിലായി. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഹിന്ദു എന്ന് പറയുന്നത് ഒരു ജീവിതക്രമമാണ്. ഒരു മതവിശ്വാസമാണ്. ഹിന്ദുത്വ എന്ന് പറയുന്നത് ഒരു പൊളിറ്റിക്കൽ അജണ്ടയാണ്. ഞാൻ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന ഒരാളാണ്. പക്ഷെ ഞാൻ ഹിന്ദുത്വയുടെ ആളല്ല. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ സംഘപരിവാർ രീതിയിൽ വളച്ചോടിക്കാൻ ആരും ശ്രമിക്കേണ്ട. അതിനെ തെറ്റായി വ്യാഖ്യാനിക്കണ്ട’, വി.ഡി സതീശൻ വ്യക്തമാക്കി.
Post Your Comments