കോഴിക്കോട്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ നടത്തിയ റെയ്ഡും അതില്‍ കണ്ടെത്തിയെന്ന് പറയുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമെന്ന ആരോപണവുമായി പോപ്പുലര്‍ ഫ്രണ്ട്. പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്ന് പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്നും പടച്ചുവിടുന്ന നുണകള്‍ ഔദ്യോഗികമായി പറയുന്ന ഏജന്‍സിയായി ഇഡി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് പറഞ്ഞു. ഇ.ഡി നടത്തിയ റെയ്ഡുകളും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാര്‍മ്മികവും ദുരുദ്ദേശ്യപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ടിയുടെ വാർത്താക്കുറിപ്പിൽ വസ്തുതാവിരുദ്ധവും സംഘടനയെ പൊതുജനമധ്യത്തില്‍ അപമാനിക്കുന്നതുമായ കുപ്രചരണങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഇല്ലാത്ത കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് 2018 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോപുലര്‍ ഫ്രണ്ടിനെതിരേ വിവിധ തരത്തിലുള്ള അന്വേഷണം നടത്തുന്നുണ്ടെന്നും എന്നാൽ, യാതൊന്നും കണ്ടെത്താൻ സംഘത്തിനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആര്‍എസ്എസ്സും ബിജെപിയും നയിക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഇഡി നിരന്തരം സംഘടനയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം നടന്ന റെയ്ഡിലും ഇഡിക്ക് സംഘടനയ്‌ക്കെതിരായ എന്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ആര്‍എസ്എസ് കാര്യാലയത്തില്‍നിന്ന് പടച്ചുവിടുന്ന നുണക്കഥകള്‍ ഇഡിയുടെ ലെറ്റര്‍പാഡിലൂടെ ഔദ്യോഗികമായി പുറത്തുവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments