കണ്ണൂര്‍: എതിര്‍പ്പുകളെ മറികടന്ന് കേരളത്തിന്റെ സ്വപ്നപദ്ധതിയ സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍പാതയുമായി സര്‍ക്കാര്‍ മുന്നോട്ട്. കണ്ണൂരില്‍ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കുന്നതിന് ഓഫീസ് അടുത്തയാഴ്ച പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യാഘാതപഠനത്തിനുള്ള കരാര്‍ നല്‍കുന്നതിന് ക്ഷണിച്ച ടെന്‍ഡര്‍ 15ന് തുറക്കും. സാമൂഹ്യാഘാത പഠനറിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഫോര്‍ വണ്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാകും. ഇതോടെ സര്‍വേ ആരംഭിക്കാം.
ന്യൂമാഹി മുതല്‍ പയ്യന്നൂര്‍ വരെ 63 കിലോമീറ്ററില്‍ നിര്‍മിക്കുന്ന കെ റെയില്‍ കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍, എളയാവൂര്‍, ചെറുകുന്ന്, ചിറക്കല്‍, എടക്കാട്, കടമ്പൂര്‍, കണ്ണപുരം, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂര്‍ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂര്‍, തലശേരി താലൂക്കിലെ ധര്‍മടം, കോടിയേരി, തലശേരി, തിരുവങ്ങാട്, ന്യൂമാഹി എന്നീ വില്ലേജുകളിലൂടെ കടന്നുപോകും. 196 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. പള്ളിക്കുന്ന് മുതല്‍ പയ്യന്നൂര്‍വരെയുള്ള വില്ലേജുകളില്‍ അലൈന്‍മെന്റില്‍ കല്ലിടുന്നത് പൂര്‍ത്തിയായി.
നിലവിലുള്ള റെയില്‍ പാതയ്ക്ക് സമാന്തരമായാണ് ഭൂരിഭാഗം ദൂരവും കെ റെയില്‍. വലിയ വളവുകള്‍ ഉള്ളയിടങ്ങളില്‍ മാത്രമാണ് നിലവിലുള്ള പാതവിട്ട് സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി സംബന്ധിച്ച് എല്ലാ ആഴ്ചയും ഉന്നത അധികൃതരുടെ നേതൃത്വത്തില്‍ വിലയിരുത്തലും നടക്കുന്നുണ്ട്.
Post Your Comments