ബെംഗളൂരു : പൂജയ്ക്കിടെ വിഴുങ്ങിയ സ്വര്‍ണം വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്.
ദീപാവലി ദിവസം നടത്തിയ ഗോ പൂജയ്ക്കിടെയാണ് 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല പശു വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്‌ക്കൊപ്പമാണ് സ്വര്‍ണമാലയും പശുവിന് ഇട്ട് നൽകിയത്. പൂജയ്ക്ക് ശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലയ്‌ക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്.
Read Also : ജീവനവസാനിപ്പിക്കാൻ നിന്നപ്പോഴും ബിജു ദിവ്യയെ മർദ്ദിച്ചു: അച്ഛൻ അമ്മയെ പീഡിപ്പിക്കുമായിരുന്നുവെന്ന് മകൾ
സ്വര്‍ണമാലയ്ക്ക് വേണ്ടി ഒരു മാസത്തോളം ഇവര്‍ പശുവിന്റെ ചാണകം സ്ഥിരമായി പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്‌ഡേ പറഞ്ഞു. തുടർന്ന് മൃഗഡോക്ടറുടെ സഹായത്തോടെ സ്‌കാനിങ് നടത്തിയപ്പോഴാണ് പശുവിന്റെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സ്ഥിരീകരിച്ചത്. ഇതോടെയാണ് പശുവിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയ നടത്തി സ്വര്‍ണം പുറത്തെടുക്കുമ്പോള്‍ ഇതിന് 18 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments