ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തടക്കം 13 പേർ കൊല്ലപ്പെടാനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ രാജ്യത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ ചിലർ പോസ്റ്റുകൾ ഇട്ടിരുന്നു. ബിപിൻ റാവത്തിന്റെ മരണത്തിൽ ആഘോഷിക്കുന്നവരെയും രാജ്യം കണ്ടു. ബിപിൻ റാവത്തിന്റെ മരണത്തിൽ ഇടതു ലിബറലുകൾക്കോ ഇസ്ലാമിസ്റ്റുകൾക്കോ യാതൊരു വികാരവും തോന്നുന്നില്ലെന്ന് ശങ്കു ടി ദാസ് വ്യക്തമാക്കുന്നു. ചിലർക്ക് ആനന്ദവും ആവേശവും തോന്നുന്നുണ്ട്, ഭൂരിഭാഗം പേരും ഒരു അനുശോചനം പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സംഘികൾ എന്ന് ബാഡ്ജ് ചെയ്യപ്പെടുന്ന മുഴുവൻ മനുഷ്യർക്കും അദേഹത്തിന്റെ മരണത്തിൽ വേദനയുണ്ടായിട്ടുണ്ട്. മരണപ്പെട്ടത് തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ഒരാളായിരുന്നു എന്നവർക്ക് സ്വയം തോന്നുന്നത് കൊണ്ടാണ് അവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. ബിപിൻ റാവത് സംഘികളുടെ ബന്ധുവോ പരിചയക്കാരനോ ആയതുകൊണ്ടല്ല. ബിജെപിക്കാരനോ ആർ.എസ്.എസ് നേതാവോ ആയിരുന്നത് കൊണ്ടുമല്ല. രാജ്യത്തിന്റെ സൈനിക മേധാവി ആയിരുന്നത് കൊണ്ടാണ്. രാജ്യത്തിന്റെ നഷ്ടം സ്വന്തം നഷ്ടമായി അനുഭവപ്പെടുന്ന പാരസ്പര്യം കൊണ്ടാണ്. രാജ്യം കരയുമ്പോൾ അവരും കൂടെ കരഞ്ഞു. എന്നാൽ ഇടതു ലിബറലുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും അങ്ങനെയല്ല, അവർ അനുശോചനം പോലും രേഖപ്പെടുത്തുന്നില്ല’, ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.
ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
പെറ്റമ്മയെ പുലഭ്യം പറയുകയും, പെൻഷൻ കാശ് തട്ടിപ്പറിക്കുകയും, കൊടുത്തില്ലെങ്കിൽ കാല് മടക്കി തൊഴിക്കുകയും ചെയ്യുന്ന മകൻ അതിനെ ചോദ്യം ചെയ്യുകയും തടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മറ്റ് മക്കളോട് “ചോദിക്കാൻ നിങ്ങളാരാ? അമ്മ നിങ്ങളുടെ മാത്രമല്ല. എന്റെയും കൂടിയാണ്.” എന്ന് പറയുന്നത് പോലെയാണ് സംഘികൾ ആരാ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കാൻ എന്ന് ചിലർ ചോദിക്കുന്നത്. മകനായി ജനിക്കുന്നത് കൊണ്ടല്ല, മകനായി ജീവിക്കുന്നത് കൊണ്ട് കിട്ടുന്നതാണ് അമ്മയിലുള്ള അവകാശം. അത് നേടിയെടുക്കാനും നഷ്ടപ്പെടുത്താനും സാധിക്കും.
ജനറൽ ബിപിൻ റാവത്തിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതികരണങ്ങൾ നോക്കൂ. സംഘികൾ എന്ന് ബാഡ്ജ് ചെയ്യപ്പെടുന്ന മുഴുവൻ മനുഷ്യർക്കും അതിൽ ദുഃഖവും വേദനയും തോന്നുന്നുണ്ട്. അവരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലികളും പ്രണാമങ്ങളും അർപ്പിക്കുന്നുണ്ട്. കാരണം മരണപ്പെട്ടത് തങ്ങളുടെ ഏറ്റവും വേണ്ടപ്പെട്ട ഒരാളായിരുന്നു എന്നവർക്ക് സ്വയം തോന്നുന്നുണ്ട്. അതൊരു സ്വകാര്യ നഷ്ടമായി അവർക്ക് അനുഭവപ്പെടുന്നുണ്ട്. അത് ബിപിൻ റാവത് അവരുടെ ബന്ധുവോ പരിചയക്കാരനോ ആയിരുന്നത് കൊണ്ടല്ല. ബിജെപിക്കാരനോ ആർ.എസ്.എസ് നേതാവോ ആയിരുന്നത് കൊണ്ടുമല്ല. രാജ്യത്തിന്റെ സൈനിക മേധാവി ആയിരുന്നത് കൊണ്ടാണ്. രാജ്യത്തിന്റെ നഷ്ടം സ്വന്തം നഷ്ടമായി അനുഭവപ്പെടുന്ന പാരസ്പര്യം കൊണ്ടാണ്. അതാരും പറഞ്ഞു കൊടുത്ത് വരുത്തുന്ന വികാരമല്ല. ഉള്ളിൽ നിന്ന് സ്വയമുണ്ടാവുന്ന തോന്നലാണ്.
എന്നാൽ ഇടതു ലിബറലുകളെയോ ഇസ്ലാമിസ്റ്റുകളെയോ നോക്കുക. അവർക്കാ മരണത്തിൽ പ്രത്യേകിച്ചൊരു വികാരവും തോന്നുന്നില്ല. ചിലർക്ക് ആനന്ദവും ആവേശവും തോന്നുന്നത് പോലുമുണ്ട് താനും. ഭൂരിഭാഗം പേരും ഒരു അനുശോചനം പോലും രേഖപ്പെടുത്തിയിട്ടില്ല.
ആ നിസ്സംഗതയും നിർവികാരതയും ഉടലെടുക്കുന്നത് അടിസ്ഥാനപരമായ അന്യതാബോധത്തിൽ നിന്നാണ്. രാഷ്ട്രവും പൗരനും തമ്മിലുള്ള പൊക്കിൾ കൊടി ബന്ധം അവരുടെ പ്രത്യയശാസ്ത്രം പണ്ടേ അറുത്ത് കളഞ്ഞത് കൊണ്ടാണത്. രാജ്യം വേദനിക്കുമ്പോൾ അവർക്കൊന്നും തോന്നുന്നില്ല. താനുമതിൽ കക്ഷിയാണ് എന്ന് പോലും അവർക്ക് തോന്നുന്നില്ല. ഈ മനോഭാവത്തിലുള്ള വ്യത്യാസമാണ് രാജ്യസ്നേഹത്തിന്റെ കണക്കെടുക്കുമ്പോൾ പ്രധാനമാവുന്നത്.
സംഘികൾക്ക് രാജ്യസ്നേഹത്തിന്റെ കുത്തക ആരും തീറെഴുതി കൊടുത്തതല്ല. പ്രവർത്തിയും പെരുമാറ്റവും കൊണ്ട് അവരത് സ്വയം നേടിയെടുത്തതാണ്. രാജ്യ താല്പര്യം സ്വന്തം താല്പര്യമായി അവർ കണക്കാക്കുന്നുണ്ട്. രാജ്യത്തിന് വേദനിക്കുമ്പോളെല്ലാം അവർക്കും വേദനിക്കുന്നുണ്ട്. രാജ്യത്തെ ആക്ഷേപിക്കാനുള്ള ഏത് ശ്രമത്തെയും അവരാവും വിധം പ്രതിരോധിക്കുന്നുണ്ട്. രാജ്യം വെല്ലുവിളി നേരിടുമ്പോൾ എല്ലാം അവർ രാജ്യത്തിനൊപ്പം ഒന്നിച്ചു നിൽക്കുന്നുണ്ട്. ഉരകല്ലിൽ സ്വർണ്ണത്തിന്റെ എന്ന പോലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും ആവർത്തിച്ചുരച്ച് തെളിയിക്കപ്പെട്ടതാണ് അവരുടെ കൂറിന്റെ മാറ്റും മൂല്യവും. അങ്ങനെ നേടിയതാണ് അവരാ അവകാശം. മറ്റുള്ളവരോ? അവർ രാജ്യത്തെ അപമാനിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. രാജ്യത്തെ സർക്കാറിനോടുള്ള വിരോധം എന്ന ഭാവത്തിൽ അവർ രാജ്യത്തോട് തന്നെ വിരോധം കാണിക്കുന്നു. വിദേശ മാധ്യമങ്ങളോ വിഘടനവാദികളോ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ അവർക്കൊപ്പം കൂടി അത് ആഘോഷിക്കുന്നു. രാജ്യത്തിനെതിരായ മുദ്രാവാക്യങ്ങളെയും ഗൂഡാലോചനകളെയും ആക്രമണങ്ങളെയും പോലും പിന്തുണക്കുന്നു. തങ്ങളൊരു പരിശോധനക്കും വിധേയരല്ലെന്ന് അവർ സ്വയം പ്രഖ്യാപിക്കുന്നു. എന്നാൽ ഓരോ വട്ടം കല്ലിൽ തൊടുമ്പോഴും അവരുടെ പൊന്നിൻപൂച്ചിനടിയിലെ ചെമ്പ് തകിട് തെളിയുന്നു. എന്നിട്ടും അമ്മയെ തല്ലുന്ന കുടിയനെ പോലെ അവർ ചോദിക്കുന്നത് അമ്മ നിങ്ങളുടെ മാത്രം ആണോ എന്നാണ്. അതെ. ഞങ്ങളുടെ മാത്രമാണ്. നിങ്ങൾ തന്നെ നിങ്ങളുടെ അല്ലാതാക്കിയതുമാണ്.
Post Your Comments