Latest NewsKeralaIndiaNews

‘റാവത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്’: രശ്മിതയുടെ പോസ്റ്റിനെ ന്യായീകരിച്ച് എസ് സുദീപ്

കൊച്ചി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ അപകട മരണത്തിൽ രാജ്യം ഞെട്ടലോടെ ഇരിക്കുമ്പോൾ അദ്ദേഹത്തെ പരിഹസിച്ച് രംഗത്ത് വന്ന അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രനെ പിന്തുണച്ച് മുന്‍ ജഡ്ജി എസ്. സുദീപ്. ഒഴുക്കിനൊപ്പം നീന്തിയാൽ കല്ലേറുണ്ടാവില്ല എന്നു കരുതി വെറുതെയങ്ങ് ഒഴുകിപ്പോകുന്നതല്ല ചരിത്ര-പൗരധർമ്മങ്ങൾ എന്ന് സുദീപ് പറയുന്നു. ഗാന്ധിജിക്കും ധാബോൽക്കർക്കും പൻസാരെയ്ക്കും കൽബുർഗിക്കും ഗൗരി ലങ്കേഷിനും സ്റ്റാൻ സ്വാമിക്കുമൊക്കെ കലർപ്പില്ലാത്ത, കാവി കലരാത്ത അഭിപ്രായങ്ങളും ആർജവവും ശത്രുക്കളുമുണ്ടായിരുന്നുവെന്നും ചരിത്രം അവരെയൊക്കെ മായാത്ത മഷികളാൽ അടയാളപ്പെടുത്തുമെന്നും രശ്മിതയുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ പങ്കുവെച്ചുകൊണ്ട് എസ് സുദീപ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Also Read:ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് അത്ഭുതം തോന്നുന്നു: ബിപിൻ റാവത്തിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ശിവസേന

മരണം ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രശ്മിത തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇന്ത്യയുടെ സേനകളുടെ പരമോന്നത കമാൻഡർ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കൽപ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിച്ചത് എന്നോർക്കണമെന്നും ഇവർ ആരോപിച്ചു. കൂടാതെ പൗരത്വ പ്രക്ഷോഭത്തിലും കാശ്മീരിൽ പൗരനെ ജീപ്പിനു മുന്നിൽ കെട്ടി വെച്ചതിലും എല്ലാം ഇവർ ബിപിൻ റാവത്തിനെ കുറ്റപ്പെടുത്തുന്നുണ്ട്. കാശ്മീരിൽ കല്ലെറിയുന്നവർക്കെതിരെ ആയുധമെടുക്കാനും സൈന്യത്തെ ഉപദേശിച്ചത് റാവത്താണെന്നും ഇതൊക്കെ കൊണ്ട് തന്നെ മരണം ഒരാളെ വിശുദ്ധനാക്കുന്നില്ലെന്നും രശ്മിത പറഞ്ഞിരുന്നു. വിഷയത്തിൽ രശ്മിതയെ ന്യായീകരിച്ചും പിന്തുണച്ചും എസ് സുദീപ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ:

സൈനിക മേധാവി ആയിരുന്നപ്പോഴും ബിപിൻ റാവത് രാഷ്ട്രീയം പറഞ്ഞു. വിവാദ വ്യക്തിത്വമായിരുന്നു. റാവത് കരസേനാ മേധാവിയായത് സീനിയോറിറ്റി മറികടന്ന്. സർക്കാരിൻ്റെ രാഷ്ട്രീയം പറയാൻ സൈനിക വേഷത്തിലും മടി കാണിക്കാത്ത റാവതിനെ സംയുക്ത സേനാ മേധാവിയിക്കാൻ എൻ ഡി എ സർക്കാരിന് അധികം ആലോചിക്കേണ്ടി വന്നില്ല. സംയുക്ത സേനാ മേധാവി ആകുന്നതിനു തൊട്ടുമുമ്പ് റാവത് പൗരത്വ നിയമ വിഷയത്തിലെ പ്രക്ഷോഭങ്ങളെക്കുറിച്ച് പരസ്യമായി രാഷ്ട്രീയാഭിപ്രായം പറഞ്ഞു. കരസേനാ മേധാവി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കശ്മീരിൽ പ്രക്ഷോഭം നടക്കുന്നതിനിടെ സൈനിക വാഹനത്തിനു മുമ്പിൽ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതിനെ റാവത് ന്യായീകരിച്ചു. യുവാവിനെ ബോണറ്റിൽ കെട്ടിയിട്ട് മണിക്കൂറുകൾ ജീപ്പോടിച്ച മേജർ ലിതുൽ ഗൊഗോയിയെ മെഡൽ നൽകി ആദരിക്കാനും റാവത് മറന്നില്ല. സ്ത്രീകളെ യുദ്ധമുന്നണിയിലെടുക്കരുതെന്നും അവർക്കു പരിമിതികളുണ്ടെന്നും ആറു മാസം അവധി നൽകാനാവില്ലെന്നുമായിരുന്നു റാവത് പറഞ്ഞത്. സ്ത്രീകളെ ആരെങ്കിലും ഒളിഞ്ഞു നോക്കിയാലോ എന്നും റാവത് പരസ്യമായി ചോദിച്ചിരുന്നു. ഇതൊക്കെത്തന്നെയാണ് ബിപിൻ റാവതിനെക്കുറിച്ച് രശ്മിത രാമചന്ദ്രൻ ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതിയത്.

വികാരത്തിനു വഴിപ്പെടാതെ, വായനക്കാരെ വസ്തുതകളും ചരിത്രവും ഓർമ്മപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും എഴുത്തുകാരൻ എന്ന പൗരൻ്റെ ചരിത്രധർമ്മമാണ്. ഒഴുക്കിനൊപ്പം നീന്തിയാൽ കല്ലേറുണ്ടാവില്ല എന്നു കരുതി വെറുതെയങ്ങ് ഒഴുകിപ്പോകുന്നതല്ല ചരിത്ര-പൗരധർമ്മങ്ങൾ. അഭിപ്രായങ്ങളും അതു പ്രകടിപ്പിക്കാനുള്ള ആർജവവും ഉള്ളവർക്ക് ശത്രുക്കളുണ്ടാവും, തീർച്ച. ഗാന്ധിജിക്കും ധാബോൽക്കർക്കും പൻസാരെയ്ക്കും കൽബുർഗിക്കും ഗൗരി ലങ്കേഷിനും സ്റ്റാൻ സ്വാമിക്കുമൊക്കെ കലർപ്പില്ലാത്ത, കാവി കലരാത്ത അഭിപ്രായങ്ങളും ആർജവവും ശത്രുക്കളുമുണ്ടായിരുന്നു. ചരിത്രം അവരെയൊക്കെ മായാത്ത മഷികളാൽ അടയാളപ്പെടുത്തും. യഥാർത്ഥ പൗരധർമ്മം നിറവേറ്റുന്നവരെയൊക്കെ നിങ്ങൾ കൊന്നാലും ശരി, അവരോട് ചരിത്രം അതിൻ്റെ ധർമ്മം നിറവേറ്റുക തന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button