കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെഡിസൻസി പെർമിറ്റുകൾ താത്കാലികമായി നീട്ടീ നൽകാൻ സാധ്യത. ഇതിനായുള്ള നടപടികൾ കുവൈത്ത് ആരംഭിച്ചതായാണ് വിവരം. രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കുന്നത് ഇതുവരെ പ്രവർത്തികമാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ച് കുവൈത്തിലെ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിക്കുന്നത്.
രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഔദ്യോഗികമായി പിൻവലിക്കാൻ നവംബർ 4-ന് കുവൈത്ത് വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി അബ്ദുല്ല അൽ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ബോർഡ് യോഗം തീരുമാനിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. വർക്ക് പെർമിറ്റ് പുതുക്കുന്നതിന് പ്രതിവർഷം 500 ദിനാർ ഫീസായി ഏർപ്പെടുത്തുന്നതിനും, നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനും കുവൈത്ത് തീരുമാനിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇതുവരെ ഈ തീരുമാനം പിൻവലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടില്ല.
Post Your Comments