ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇന്നലെ കൂനൂരില്‍ സംഭവിച്ചത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍ ഇന്നലെ തീഗോളമായി മാറിയതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്.
അതേസമയം അഞ്ചുവര്‍ഷത്തിന് മുമ്പ് തമിഴ്‌നാട്ടില്‍ മറ്റൊരു ആകാശ ദുരന്തം നടന്നിരുന്നു. താംബരം വ്യോമതാവളത്തില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എ.എന്‍-32 വിമാനം 15 സൈനികര്‍ ഉള്‍പ്പെടെ 29 പേരുമായി കാണാതായിട്ട് അഞ്ചുവര്‍ഷം തികയുകയാണ്. വിമാനത്തില്‍ രണ്ട് മലയാളി സൈനികരുമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ പോലും പ്രതിരോധിക്കുന്ന വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.
Read Also : സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികളെ തടഞ്ഞു നിര്‍ത്തി ബാബറി ബാഡ്ജ് പതിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
2016 ജൂലായ് 22 ന് രാവിലെ 8.30ന് താംബരത്ത് നിന്ന് പറന്നുയര്‍ന്ന വിമാനം 11.45ന് പോര്‍ട്ട് ബ്ലെയറില്‍ ഇറങ്ങേണ്ടിയിരുന്നതാണ്. എന്നാല്‍ 9.12 വരെ റഡാര്‍ പരിധിയിലുണ്ടായിരുന്ന വിമാനത്തിന്റെ ആശയവിനിമയം പിന്നീട് നഷ്ടമാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന നിഗമനത്തില്‍ രണ്ട് മാസം നീണ്ട തെരച്ചില്‍ സെപ്റ്റംബര്‍ 15ന് അവസാനിപ്പിച്ചു. വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്ന് വീണിരിക്കാമെന്നാണ് ഇന്നും കരുതുന്നത്.
എഎന്‍-32 ഇന്ദിരാഗാന്ധിയുടെ കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സഹകരണത്തില്‍ നിര്‍മിച്ചതാണെങ്കില്‍ കൂനൂരില്‍ അപകടത്തില്‍പ്പെട്ട എം.ഐ-17 വി 15 ഹെലികോപ്റ്റര്‍ റഷ്യന്‍ നിര്‍മിതമാണ്. ഇന്ത്യാ ഗവണ്‍മെന്റ് 2008 ലാണ് റഷ്യയുമായി എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനായി കരാര്‍ ഒപ്പിട്ടത്. 1.3 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ 80 എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാനായിരുന്നു കരാര്‍. കരാര്‍ പ്രകാരം ഇതില്‍ ആദ്യത്തേത് 2013ല്‍ ഇന്ത്യയില്‍ എത്തിച്ചപ്പോള്‍ അവസാന ബാച്ച് 2018ലാണ് വന്നത്.
Read Also : ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഇന്ന് ചര്‍ച്ച
എംഐ-17 വി5 ന് നിരവധി വകഭേദങ്ങളുണ്ട്. സൈനികരെ കൊണ്ടു പോകുന്നതിനുള്ള 36 സീറ്റുള്ളവ, ചരക്ക് ഗതാഗതത്തിനും അത്യാവശ്യഘട്ടങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവയും ഈ കൂട്ടത്തിലുണ്ട്. പൈലറ്റ്, കോ-പൈലറ്റ്, ഫ്ലൈറ്റ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ ക്രൂവാണ് ഇതില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വേഗതയും മണിക്കൂറില്‍ 230 കിലോമീറ്റര്‍ ക്രൂയിസ് വേഗതയും ഈ ഹെലികോപ്റ്ററിനുണ്ട്. പ്രധാന ഇന്ധന ടാങ്കുകളുടെ പരിധി 675 കിലോമീറ്ററാണ്. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് 1,180 കിലോമീറ്റര്‍ വരെ ഹെലികോപ്റ്ററിന് സഞ്ചരിക്കാന്‍ കഴിയും.
Post Your Comments