ശബരിമല : ശബരിമലയിൽ അന്നദാനത്തിന് ഒരു കോടി രൂപ സംഭാവന നൽകി തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ. ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ തമിഴ്നാട് സ്വദേശി ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയുമാണ് സംഭാവന നൽകിയത്. ക്ഷേത്ര ദർശനത്തിനെത്തിയ ഇവർ ശബരിമലയുടെ വികസനത്തിനും ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണെന്നും പറഞ്ഞു.
ദർശനത്തിന് ശേഷം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി അതിയിടം കുറുവക്കാട് ശംഭു നമ്പൂതിരി എന്നിവരെ സന്ദർശിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്. എക്‌സിക്യുട്ടിവ് ഓഫീസർ വി. കൃഷ്ണകുമാർ വാരിയർക്ക് ഓൺലൈൻ ട്രാൻസ് ഫർ വഴിയാണ് തുക കൈമാറിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു.
Read Also : ‘പ്രധാനമന്ത്രിയുടെ പ്രജയാകാൻ എന്തുകൊണ്ടും അർഹൻ ആണ് അലക്സാണ്ടർ ജേക്കബ്’: എസ് സുദീപ്
അതേസമയം, ശബരിമലയിൽ കാണിക്കയായി ലഭിച്ച വരുമാനം 9 കോടി കവിഞ്ഞു. തീർത്ഥാടനകാലം തുടങ്ങി ഞായറാഴ്ചവരെയുള്ള കണക്കാണിത്. രണ്ട് വർഷമായി അന്യ സംസ്ഥാനത്ത് നിന്നുള്ള ഭക്തർ ദർശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. ഇത്തവണ അവരെത്തിയതോടെയാണ് കാണിക്കയിൽ വർധനവ് ഉണ്ടായിരിക്കുന്നത്.
Post Your Comments