തൃശൂര്‍: മേയര്‍ എന്ന നിലയിൽ തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. കോര്‍പ്പറേഷന്‍ പരിധിയിലെ ചടങ്ങുകളില്‍ പോലും തന്നെ അധ്യക്ഷനാക്കുന്നില്ല. പലതവണ ഇത്തരത്തില്‍ നടന്നു, ക്ഷമിച്ചു, ഇനി അത് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതിനെ മേയര്‍ ന്യായീകരിച്ചു. പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയും മേയര്‍ക്ക് താഴെയാണ്. താഴെയുള്ള എംഎല്‍എയെ ഉദ്ഘാടകനാക്കി എന്ന് മാത്രമല്ല, മറ്റു കൗണ്‍സിലര്‍മാര്‍ക്കൊപ്പം ചെറിയ ഫോട്ടോയും പോസ്റ്ററില്‍ നല്‍കി. ഇത് തന്നെ അപമാനിക്കലും, പ്രോട്ടോക്കോള്‍ ലംഘനവുമാണെന്ന്
എംകെ വര്‍ഗീസ് പറഞ്ഞു. അറിവില്ലാത്തതാണെങ്കില്‍ എങ്ങനെയാണ് പോസ്റ്റര്‍ അടിക്കേണ്ടതെന്ന് ചോദിക്കേണ്ടത് മര്യാദയാണ്. സ്‌കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയാണിത്.അതുകൊണ്ട് തന്നെയാണ് പരിപാടിയില്‍ നിന്നും ഇറങ്ങിപോയതെന്നും എംകെ വര്‍ഗീസ് പറഞ്ഞു. അര്‍ഹമായ പരിഗണനയ്ക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ശരിയെന്ന് തോന്നുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതമാണ് തന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : ബാലികയെ പീഡിപ്പിച്ചു : പ്രതിക്ക് 40 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് അതിവേഗ പോക്സോ കോടതി
നാളിതുവരെയുള്ള ആള്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ടാകില്ല. മേയര്‍ എന്ന നിലയ്ക്ക് അര്‍ഹതപ്പെട്ട കാര്യമാണ് ചോദിച്ചത്. മേയര്‍ എന്ന പദവിയെയാണ് ബഹുമാനിക്കേണ്ടത്. സല്യൂട്ട് വിവാദത്തില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെ മറുപടി പോലും കിട്ടിയിട്ടില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
Post Your Comments