തൃശൂര്‍: ഫ്ളക്സ് ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്തെ തുടര്‍ന്ന് സ്കൂളിലെ പരിപാടിയില്‍ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അറിയിച്ച തൃശൂര്‍ മേയര്‍ എംകെ വർഗീസിനെ അഡ്വ. എ. ജയശങ്കർ. എരപ്പാളി വർദ്ധകനായാലും വർദ്ധകൻ എരപ്പാളിയായാലും തനിസ്വഭാവം മാറില്ലെന്നും ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ ആണെന്നും ജയശങ്കർ പരിഹസിച്ചു. മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണമെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കിൽ കുറിച്ചു.
വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്കൂള്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡാണ് മെയറെ ചൊടിപ്പിച്ചത്. പ്രചാരണ ബോര്‍ഡിലെ തന്റെ ചിത്രം ചെറുതായതിനാലാണ് പരിപാടിയില്‍നിന്ന് മടങ്ങിയതെന്നും മേയര്‍ പദവിയെ അപമാനിക്കുന്നതാണ് ചിത്രമെന്നും ഇനിയും ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡില്‍ എംഎല്‍എ പി ബാലചന്ദ്രന്റെ ചിത്രമാണ് വലുതാക്കി വെച്ചിരുന്നത്. സംഭവം വിവാദമായതോടെ അദ്ദേഹവും ചടങ്ങിനെത്തിയില്ല. കോര്‍പ്പറേഷനാണ് സ്കൂളിന്റെ നടത്തിപ്പ് ചുമതല.
എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പതിനെട്ട് വാദ്യവും ചെണ്ടക്കു താഴെ; എംപിയും എംഎൽഎയും മേയർക്കു താഴെ. ഫക്സ് ബോർഡിൽ തന്റെ പടം ചെറുതും സ്ഥലം എംഎൽഎ ബാലചന്ദ്രൻ്റെ പടം വലുതും ആയതിനാൽ തൃശൂർ മേയർ ഇടഞ്ഞു. പൂങ്കുന്നം സർക്കാർ സ്കൂളിലെ ചടങ്ങ് ബഹിഷ്കരിച്ചു, മാഷമ്മാരോട് കയർത്തു. സ്കൂളിൻ്റെ മുതലാളി മേയറാണെന്ന് ഓർമിപ്പിച്ചു. മേലിൽ തന്നെ കാണിച്ച് അംഗീകാരം വാങ്ങാതെ ഒറ്റയോരു ഫ്ലക്സും ഒരാളും വെക്കരുതെന്ന് വിലക്ക് കല്പിച്ചു. മേയർക്കു മദംപൊട്ടിയ വാർത്ത കേട്ട് പാവം എംഎൽഎ വിരണ്ടോടി. ചടങ്ങ് അലങ്കോലമായി.
മേയർ വർഗീസിന്റെ ഭാര്യക്ക് സ്ത്രീധനം കിട്ടിയതാണ് തൃശൂർ പട്ടണം. അതുകൊണ്ട് പോലീസുകാർ സല്യൂട്ട് അടിക്കണം, മറ്റുളള ഉദ്യോഗസ്ഥർ രണ്ടാം മുണ്ട് അരയിൽ ചുറ്റി വാക്കയ്യുപൊത്തി വേണം സംസാരിക്കാൻ. എരപ്പാളി വർദ്ധകനായാലും വർദ്ധകൻ എരപ്പാളിയായാലും തനിസ്വഭാവം മാറില്ല. ശക്തൻ തമ്പുരാൻ്റെ നാട്ടിൽ ശപ്പൻ തമ്പുരാൻ.
Post Your Comments