കൊച്ചി : സംസ്ഥാനത്ത് ചില സിനിമകളെ തകര്‍ക്കാന്‍ ആസൂത്രണം നടന്നുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. മോഹന്‍ ലാലിന്റെ കുഞ്ഞാലി മരക്കാറും സുരേഷ് ഗോപിയുടെ കാവലും മികച്ച സിനിമകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറേക്കാലത്തിനു ശേഷം കൊറോണ മഹാമാരിയുടെ ആശങ്കകള്‍ മറികടന്നു പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാന്‍ മോഹന്‍ലാലിനും സുരേഷ് ഗോപിക്കും സാധിച്ചു എന്നുള്ളതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു .
Read Also : ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്ത്
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
‘സിനിമ എന്ന നിലയില്‍ കാവലും കുഞ്ഞാലി മരക്കാരും നല്ല ദൃശ്യാനുഭവമാണ് നല്‍കിയത് . കാവല്‍ സുരേഷ് ഗോപിയുടെ ചടുലമായ സംഭാഷണ ശൈലി കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും ഗംഭീരമായി . സുരേഷ് ഗോപി എന്ന ആക്ഷന്‍ ഹീറോയുടെ മടങ്ങി വരവ് മലയാള സിനിമ പ്രേക്ഷകര്‍ എത്ര ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് കാവല്‍ നേടിയ വിജയം’ .
‘കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്ന് ഒരിക്കല്‍ കൂടി പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നപ്പോള്‍ സിനിമ സാങ്കേതിക മികവ് കൊണ്ടും സംവിധാന മികവ് കൊണ്ടും മലയാളിക്ക് അഭിമാനിക്കാവുന്ന സിനിമയായി മാറി . മലയാളത്തിലും ഇത്ര വലിയ പ്രോജക്ടുകള്‍ സാധ്യമാണ് എന്ന് ബോധ്യപ്പെട്ടു . ഈ സിനിമക്ക് പുറകില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ എടുത്ത പ്രയത്നം അത്ര വലുതാണ്, ആദരിക്കപ്പെടേണ്ടതും. എന്നാല്‍ രണ്ടു സിനിമകളെയും ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും. കുഞ്ഞാലിമരക്കാരും കാവലും തീയറ്ററില്‍ എത്തി ആദ്യ ഷോ പിന്നിടും മുന്‍പ് തന്നെ സിനിമയെ തകര്‍ക്കാനുള്ള പ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. ടെലിഗ്രാം വഴി വ്യാജ പതിപ്പ് പ്രചരിപ്പിച്ചും മതവും രാഷ്ട്രീയവും പറഞ്ഞും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയും താറടിച്ചു കാണിക്കുകയുണ്ടായി’ .
‘മോഹന്‍ലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും വിലയിരുത്തേണ്ടത് കലാകാരന്മാര്‍ എന്ന നിലയ്ക്കാവണം. അല്ലാത്ത പരിശ്രമങ്ങള്‍ അപലപിക്കപ്പെടണം. വസ്തുതാപരമായ സിനിമ വിമര്‍ശനങ്ങളാവാം. എന്നാല്‍ നല്ല സിനിമകളെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ എതിര്‍ക്കപ്പെടണം. കേരളത്തിലെ സോ കാള്‍ഡ് സാംസ്‌കാരിക നായകരൊന്നും തന്നെ മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകള്‍ തകര്‍ക്കാന്‍ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. എല്ലാത്തിലും അഭിപ്രായമുള്ള നമ്മുടെ മുഖ്യമന്ത്രി പോലും മൗനത്തിലാണ്’ .
‘ആയിരക്കണക്കിന് മനുഷ്യരുടെ ജീവനോപാധിയാണ് സിനിമ .നല്ല സിനിമകള്‍ വീണ്ടും വരട്ടെ . തീയേറ്ററുകളില്‍ പ്രേക്ഷകരെ തിരികെയെത്തിച്ച പ്രിയ സുഹൃത്ത് ജോബിക്കും പ്രിയപ്പെട്ട പ്രിയദര്‍ശന്‍ സാറിനും സുരേഷേട്ടനും ലാലേട്ടനും അഭിനന്ദനങ്ങള്‍’.
Post Your Comments