
ഇംഗ്ലണ്ട്: സംഗീത നിർമ്മാതാവ് ഡേവിസും ജോ എന്ന ഇരുപതു കാരിയായ ബർമീസ് വിദ്യാത്ഥിനിയും തമ്മിൽ മുടിഞ്ഞ പ്രണയമാണ്. ഇരുവരുടെയും പ്രണയത്തിനു എന്താണിത്ര ആശ്ചര്യം എന്ന് ചോദിയ്ക്കാൻ വരട്ടെ, ഡേവിസിന് വയസ്സ് 77 ആണ്. ജോയ്ക്ക് 20 മാത്രം. പ്രണയത്തിൽ പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിക്കുകയാണ് ഇരുവരും. ഇപ്പോൾ ഇതാ തങ്ങൾ വിവാഹിതരാകാൻ പോകുന്നുവെന്നുള്ള സന്തോഷവാർത്തയാണ് അവർ പുറത്ത് വിട്ടിരിക്കുന്നത്. അവർ ഓൺലൈനിലെ ഒരു ഡേറ്റിംഗ് സൈറ്റിലാണ് കണ്ടുമുട്ടിയത്. ഇതിലെ മറ്റൊരു രസകരമായ കാര്യം, ഇരുവരും ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ല എന്നതാണ്. എന്നിട്ടും പക്ഷേ അവർ ഭ്രാന്തമായി പ്രണയിക്കുന്നു. ദൂരമോ, പ്രായമോ ഒന്നും അവർക്കിടയിൽ തടസ്സമല്ല.
മ്യാൻമറിൽ യാത്രാ നിയന്ത്രണമുള്ള യുദ്ധമേഖലയായതിനാൽ അവർക്ക് ഇതുവരെയും നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ജോയ്ക്ക് വിസയും പാസ്‌പോർട്ടും ലഭിച്ചുകഴിഞ്ഞാൽ തമ്മിൽ കണ്ടുമുട്ടാനും വിവാഹിതരാകാനും ഒരുങ്ങുകയാണ് . തനിക്ക് കാഴ്ചയിൽ മാത്രമാണ് പ്രായമുള്ളതെന്നും, മനസ്സ് കൊണ്ട് താൻ ഇപ്പോഴും ചെറുപ്പമാണെന്നും ഡേവിഡ് പറയുന്നു. തനിക്ക് ചെറുപ്പക്കാരായ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ബന്ധത്തെക്കുറിച്ച് ജോ അവളുടെ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കർക്കശക്കാരും മതവിശ്വാസികളുമായ തന്റെ കുടുംബം പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്ന് അവൾ വിശ്വസിക്കുന്നു. തന്റെ സുഹൃത്തുക്കളും പരിചയക്കാരും തന്നെ ഒരു വിഡ്ഢിയായി കരുതിയിരിക്കാമെന്ന് ഡേവിഡും പറയുന്നു. എന്നാൽ അതൊന്നും അവരുടെ പ്രണയത്തെ തളർത്തുന്നില്ല.
ജോ ഓൺലൈനിൽ തന്റെ പഠനത്തിനാവശ്യമായ സാമ്പത്തിക സഹായം നല്കാൻ കഴിയുന്ന ഒരാളെ തിരയുകയായിരുന്നു. ഡേവിഡാകട്ടെ ഒരു നേരംപോക്കിന് സമയം കൊല്ലാൻ ഒരാളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. അങ്ങനെ അവർ തമ്മിൽ പരിചയപ്പെട്ടു. അതിനുശേഷം ഇരുവരും തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നു. ‘ഞാൻ എന്റെ മാതാപിതാക്കളോടൊപ്പമല്ല താമസിക്കുന്നത്. അതിനാൽ എന്റെ പഠനത്തിന് സാമ്പത്തികമായി സഹായിക്കാൻ സാധിക്കുന്ന ഒരാളെ ഞാൻ അതിൽ തിരഞ്ഞു. അതിനാണ് ഞാൻ പ്രൊഫൈൽ ഉണ്ടാക്കിയത്.
പക്ഷേ ഡേവിഡുമായി ഞാൻ അറിയാതെ പ്രണയത്തിലാവുകയായിരുന്നു’ ജോ പറയുന്ന കാരണം ഇതാണ്. ഏതാനും ആഴ്‌ചകൾ നീണ്ട സംസാരത്തിന് ശേഷം, ലണ്ടനിലെ അവളുടെ ജീവിതത്തെ കുറിച്ച് ഡേവിഡ് ചോദിച്ചു. അപ്പോഴാണ് അവൾ യഥാർത്ഥത്തിൽ 5000 മൈൽ അകലെ മ്യാൻമറിലാണ് താനെന്ന് ഡേവിഡിനോട് തുറന്ന് പറയുന്നത്. അവർക്കിടയിൽ ശക്തമായ ഒരു ബന്ധം വളർന്നുവരുന്നതായി അവർ തിരിച്ചറിഞ്ഞു. അവർക്കിടയിലുള്ള ദൂരമോ പ്രായമോ അതിനൊരു തടസ്സമായില്ല. 57 വയസ്സിന്റെ വ്യത്യാസത്തെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും, ഇതിന്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാസാഹചര്യത്തിലെ അനിശ്ചിതത്വം കാരണം അവരുടെ സമാഗമം നീണ്ടുപോവുകയാണ്. എന്നാൽ, ജോയ്ക്ക് എത്രയും വേഗം യുകെ സന്ദർശിക്കാനും ജീവിതകാലം മുഴുവൻ തന്നോടൊപ്പം ചെലവഴിക്കാനും കഴിയുമെന്ന് ഡേവിഡ് പ്രതീക്ഷിക്കുന്നു.1980 -കളിൽ ഡേവിഡ് വിവാഹിതനായിരുന്നു. പിന്നീട് ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം തനിച്ച് തുടരുകയാണ്.
Post Your Comments