തിരുവനന്തപുരം: മന്ത്രിസഭയില്‍ അമിത ഇടപെടലുണ്ടാകുന്നു എന്ന ആരോപണത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടപെടേണ്ട ഇടങ്ങളിലേ ഇടപെടാറുള്ളൂവെന്നും എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തിയെ വിമര്‍ശിക്കാം. മെരിറ്റും ഡീ മെരിറ്റും നോക്കാം. അല്ലാതെ വക്രീകരിച്ച് കാണിക്കാന്‍ ശ്രമിച്ചാല്‍ ജനം ഇതൊക്കെ കാണുന്നുണ്ടെന്നേ മറുപടി പറയാന്‍ കഴിയുകയുള്ളു.
ഒരാള്‍ക്കും കഴിവും സ്വഭാവദാര്‍ഢ്യവുമില്ലാതെ പിടിച്ചു നില്‍ക്കാനാവില്ലെന്നും എത്ര ഊതി വീര്‍പ്പിച്ചാലും നിലനില്‍ക്കില്ലെന്നും റിയാസ് വ്യക്തമാക്കി. മന്ത്രിയെന്ന ഈ അധികാരം ലഭിക്കും മുമ്പും ഒരുവര്‍ഷത്തോളം മുഖ്യമന്ത്രിയുടെ മരുമകന്‍ തന്നെയായിരുന്നു. അന്ന് വേണമെങ്കില്‍ ഈ പറയുന്നതുപോലെ വില്ലനാകാമായിരുന്നില്ലേ? എന്തിലാണോ ഇടപെടേണ്ടത് അതിലേ ഇടപെടുകയുള്ളു. എവിടെയാണോ പോകേണ്ടത് അവിടെയേ പോവുകയുള്ളു. അനാവശ്യമായി എന്തെങ്കിലും പരിഗണന നല്‍കുന്ന ആളല്ല മുഖ്യമന്ത്രി.
ഞാന്‍ അത്തരം പരിഗണന പ്രതീക്ഷിക്കുന്നയാളുമല്ല. സ്വന്തം മനസ് പൂര്‍ണമായി അര്‍പ്പിക്കാതെയും കഠിനാദ്ധ്വാനം ചെയ്യാതെയും മന്ത്രിയെന്ന നിലയില്‍ മുന്നോട്ടുപോകാനാവില്ല. പ്രായം കുറഞ്ഞ ഒരാളെന്ന നിലയില്‍ മികച്ച രീതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുതിയ തലമുറയ്ക്കാകും അതിന്റെ ദോഷം. എനിക്ക് പാളിച്ച പറ്റിയാല്‍ അവരെ അത് ബാധിക്കും. നാളെ അവരുടെ അവസരമാകും നഷ്ടമാവുക. അദ്ദേഹം പറഞ്ഞു.
താനൊരു വ്യക്തിയാണെന്നും ആരുടെയെങ്കിലും തണലില്‍ വളരുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊരു വ്യക്തിത്വമുണ്ട്. പന്ത്രണ്ടാമത്തെ വയസു മുതല്‍ എന്റെ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. പ്രവര്‍ത്തിച്ചാണ് പല ഘട്ടങ്ങളായി മുന്നോട്ടു പോയത്. അല്ലാതെ വലതുപക്ഷ രീതിയില്‍ ആരെങ്കിലും പൊക്കിവിട്ടതല്ല. അങ്ങനെയുള്ള ഊരയില്‍ ഉണ്ണിയല്ല (ഒക്കത്തെടുത്ത് വളര്‍ത്തുന്ന കുട്ടി) ഞാന്‍. റിയാസ് പറഞ്ഞു. മരുമകന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോ കാര്യങ്ങളും പറഞ്ഞു ചെയ്യിക്കുകയാണോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Post Your Comments