കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സിപിഎമ്മിനുള്ളത് ഇരട്ടത്താപ്പാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ പാര്‍ട്ടി പുറത്താക്കിയതെന്നും വ്യക്തമാക്കി യുഎപിഎ കേസിൽ ജാമ്യത്തിലിറങ്ങിയ അലനും താഹയും.
ചായ കുടിക്കാന്‍ പോയപ്പോഴല്ല പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു ശേഷം ജയിലുദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും തങ്ങളെ തെറി വിളിക്കാന്‍ തുടങ്ങിയെന്നും ഇരുവരും സ്വകാര്യ ചാനലിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ സിപിഎമ്മിന്റെ മൊത്തം നിലപാട് മാറി. അത് സ്വാഭാവികമായും ജയിലിനകത്തും പ്രതിഫലിച്ചു. ജയിലിനകത്ത് സിപിഎമ്മുകാരായ ഉദ്യോഗസ്ഥര്‍ ഈ സംഭവത്തിന് ശേഷം ഞങ്ങളെ എടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. തെറി വിളിക്കാനും തുടങ്ങി. നമുക്ക് പുസ്തങ്ങള്‍ വരുമ്പോള്‍ പുസ്തകങ്ങള്‍ തരാന്‍ പറ്റില്ലെന്ന് വരെ പറഞ്ഞു. ഞങ്ങളെ ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ആര്‍എസ്എസുകാരും സിപിഎമ്മുകാരുമായ ഉദ്യോഗസ്ഥരാണ്. ഒരു വ്യത്യാസവും ഇവര്‍ തമ്മില്‍ തോന്നിയില്ല.’ അലന്‍ ഷുഹൈബ് വ്യക്തമാക്കി.
കേസില്‍ മാപ്പ് സാക്ഷിയാവാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും ഇതിനായി തന്നെ ജയില്‍ മാട്ടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് അലൻ പറഞ്ഞു. ഒറ്റുകാരനാവുമെന്നതിനാല്‍ താന്‍ അത് ചെയ്യാന്‍ തയ്യാറല്ലായിരുന്നെന്നും അലന്‍ കൂട്ടിച്ചേർത്തു. എന്താണ് ചെയ്യേണ്ടതെന്ന് അലന്‍ തന്നോട് ചോദിച്ചിരുന്നുവെന്നും നിന്റെ ധാര്‍മ്മികത അനുസരിച്ച് ചെയ്യാനാണ് താന്‍ പറഞ്ഞതെന്ന് താഹയും വ്യക്തമാക്കി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലായിരുന്നു പന്തീരങ്കാവില്‍ വെച്ച് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇരുവര്‍ക്കുമെതിരെ യുഎപിഎയും ചുമത്തി. ഇതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments