
തേഞ്ഞിപ്പലം: കുളിക്കാനിറങ്ങി പുഴയിൽ മുങ്ങിയ കൂട്ടുകാരെ രക്ഷിച്ച് താരമായി വിദ്യാർഥികൾ. മേടപ്പിൽ അഹമ്മദ് ഫവാസും പാറപ്പുറത്ത് മുഹമ്മദ് ഇർഫാനുമാണ് കൂട്ടുകാരെ രക്ഷിച്ച് നാടിന്റെ അഭിമാനമായത്.
കഴിഞ്ഞ ദിവസം കടലുണ്ടി പുഴയിൽ തേഞ്ഞിപ്പലം അരീപ്പാറ കുറുമ്പറ്റ കടവിലായിരുന്നു സംഭവം. തേഞ്ഞിപ്പലം മതിലഞ്ചേരി ഷൈജുവിന്റെ മകനായ ഗോകുൽദേവ്, മതിലഞ്ചേരി അജിത്തിന്റെ മകൻ ആകാശ് എന്നിവരെയാണ് ഇരുവരും രക്ഷിച്ചത്.
പുഴ കാണാനെത്തി കുളിക്കാനിറങ്ങിയതായിരുന്നു രണ്ടുപേരും. നടുവിലുള്ള തുരുത്തിലേക്ക് വെള്ളം കുറഞ്ഞ ഭാഗത്തുകൂടി പാറക്കെട്ടിലൂടെ നടന്നുപോവുമ്പോഴാണ് അപകടം. നടക്കുന്നതിനിടെ ആഴക്കൂടുതലുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. ഇതിൽ ഗോകുൽ ദേവ് വെള്ളത്തിൽ വീണ് ചളിയിൽ മുങ്ങി. ആകാശ് കൈയിൽ കിട്ടിയ മരച്ചില്ലയിൽ പിടിച്ചുനിന്നു.
Read Also : മോഷണ ഉരുപ്പടികള്‍ പട്ടിക തിരിച്ച് തെളിവ് സഹിതം തിരികെ നല്കി : ഒടുവില്‍ ‘സത്യസന്ധനായ’ കള്ളൻ അറസ്റ്റിൽ
ഈ സമയം പുഴക്കരയിൽ പന്ത് കളിക്കുകയായിരുന്ന അഹമ്മദ് ഫവാസും മുഹമ്മദ് ഇർഫാനും ബഹളം കേട്ട് ഓടിയെത്തി രണ്ടുപേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ചളിയിൽ ആണ്ടുപോയ ഗോകുലിനെ പൊക്കിക്കൊണ്ടുവരാൻ ഏറെ പാടുപെട്ടെന്ന് ഇരുവരും പറഞ്ഞു.
കരയിലെത്തിച്ച ഉടനെ പ്രഥമ ശുശ്രൂഷ കൊടുത്തപ്പോഴാണ് ഗോകുലിന് ബോധം തിരിച്ചുകിട്ടിയത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കൂട്ടുകാരുടെ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഹമ്മദ് ഫവാസും മുഹമ്മദ് ഇർഫാനും.
Post Your Comments