കോഴിക്കോട് : ജയസൂര്യയുടെ ചിറാപുഞ്ചി പരാമര്‍ശത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങളെ മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷമായി വിമര്‍ശിച്ചു. ജയസൂര്യ അവസാന അരമിനിറ്റ് പറഞ്ഞതാണ് ചിലര്‍ വര്‍ത്തയാക്കിയതെന്ന് മന്ത്രി പറഞ്ഞു.
റോഡ് പരിപാലന കാലയളവ് പരസ്യപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ജനകീയ സര്‍ക്കാറിന്റെ ലക്ഷണമാണെന്ന് വ്യക്തമാക്കിയ ജയസൂര്യ സമൂഹമാദ്ധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വരികയും ചെയ്തു. ആത്മാര്‍ത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് മുഹമ്മദ് റിയാസെന്ന് ഫേസ്ബുക്കില്‍ ജയസൂര്യ കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന റോഡ് പരിപാലന കാലയളവ് പരസ്യപ്പെടുത്തല്‍ ഉദ്ഘാടന ചടങ്ങില്‍ നടന്‍ ജയസൂര്യ നടത്തിയ ചിറാപുഞ്ചി പരാമര്‍ശം, ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചു. ജയസൂര്യ പറഞ്ഞ നല്ല കാര്യങ്ങളല്ല പ്രചരിക്കുന്നത്. അവസാന അരമിനിറ്റ് പറഞ്ഞത് വര്‍ത്തയാക്കി. വാര്‍ത്ത വളച്ചൊടിക്കാന്‍ ശ്രമിച്ചാല്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ സത്യം പുറത്ത് വരുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യയും രംഗത്ത് വന്നു. ഞാന്‍ എന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടെ എന്ന് ചോദിച്ചാണ് സംസാരിച്ചത്. നിങ്ങള്‍ ഉള്ളില്‍ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചതെന്ന്, മന്ത്രി പറഞ്ഞതായി ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തില്‍ എനിക്കഭിമാനമുണ്ടെന്നും ജയസൂര്യ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
Post Your Comments