ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലിയിരുന്ന തന്നെ ചിയർ രാജ്യദ്രോഹിയാക്കിയെന്ന് സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വേപ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുൽത്താന തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ്. ‘124 (A)’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഐഷ സുല്‍ത്താനയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. സംവിധായകൻ ലാൽ ജോസ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.
‘ഐഷ സുല്‍ത്താന എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. ഐഷയുടെ പുതിയ സിനിമയാണ് 124 (അ) . ഈ സിനിമയുടെ കഥയും വിശദാംശങ്ങളും എനിക്കറിയില്ല. പക്ഷെ പേര് കൗതുകമുണര്‍ത്തുന്നതാണ്. രാജ്യം റിപ്പബ്ലിക്കായപ്പോള്‍ മുതല്‍ ഈ വകുപ്പിനെ ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ഐഷയുടെ പടം തുടര്‍ ചര്‍ച്ചകള്‍ക്കിടയാകട്ടെയെന്ന ആശംസയോടെ പോസ്റ്റര്‍ പ്രകാശിപ്പിക്കുന്നു.’- എന്നാണ് ലാല്‍ ജോസ് പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.
ഐഷ സുൽത്തനായുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം. ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം, ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്തു ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,”ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു…
ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു. ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി.എന്റെ നേരാണ് എന്റെ തൊഴിൽ, വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം. ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം 124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു… ഇതെന്റെ കഥയാണോ? അല്ലാ… പിന്നെ… ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്.
Post Your Comments