തിരുവനന്തപുരം: ലോകത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണ്. ഈ രണ്ട് വിഭാഗക്കാരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.
വിമാനത്താവളങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ സഹായിക്കാനായി ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പോസിറ്റീവായാല്‍ ഉടന്‍ തന്നെ ട്രെയ്‌സിംഗ് നടത്തി കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കും. വരുന്നവരില്‍ വാക്‌സിനെടുക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ വാക്‌സിന്‍ എടുക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments