കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.
സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. റിമാന്‍ഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങള്‍ കൃത്യം നല്‍കിയവര്‍ക്ക് കൈമാറി തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കണ്ടെത്തലുകള്‍.
അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപേര്‍ ജാമ്യത്തിലാണ്. 2019 ഫെബ്രുവരി 17ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കാസര്‍കോട് കല്യോട്ട് വച്ച് ബൈക്കില്‍ പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തിയത്.
Post Your Comments