ജമ്മുകശ്മീർ: ദൈവം തങ്ങള്‍ക്ക് 300 എംപിമാരെ നല്‍കുകയാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുമെന്നും എന്നാൽ ഇപ്പോള്‍ അങ്ങനെ ഒരു സാഹചര്യം കാണുന്നില്ലെന്നും വ്യക്തമാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റുകള്‍ ലഭിക്കുമോയെന്ന് ഉറപ്പില്ലെന്നും ജമ്മുകശ്മീരിലെ പൂഞ്ചില്‍ നടന്ന പൊതുപരിപാടിയിൽ ഗുലാം നബി ആസാദ് പറഞ്ഞു.
‘ഇനി എന്നാണ് തങ്ങള്‍ക്ക് സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 300 എംപിമാര്‍ ഉണ്ടാവുക എന്നറിയില്ല. 2024ല്‍ 300 എംപിമാരെ ലഭിക്കുമെന്നോ സര്‍ക്കാര്‍ രൂപീകരിക്കുമോ ഉറപ്പില്ല. അതിനാല്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും എന്ന കാര്യത്തില്‍ തനിക്ക് വാഗ്ദാനം നല്‍കാന്‍ കഴിയില്ല. ദൈവം തങ്ങള്‍ക്ക് 300 എംപിമാരെ നല്‍കുകയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. ഇപ്പോള്‍ അങ്ങനെ ഒരു സാഹചര്യം മുന്നില്‍ കാണുന്നില്ല’. ഗുലാം നബി ആസാദ് പറഞ്ഞു.
ബിജെപി സര്‍ക്കാരാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതെന്നും ഇത് പുനഃസ്ഥാപിക്കുന്ന വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആസാദിന്റെ പ്രസ്താവനക്കെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല രംഗത്ത് വന്നു. സുപ്രീംകോടതി വാദം കേള്‍ക്കുന്നതിന് മുൻപ് തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോല്‍വി സമ്മതിച്ചുവെന്ന് ഒമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി.
Post Your Comments