കൊച്ചി: മോഡലുകളായ അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ ദേശീയപാതയിൽ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. യുവതികളെ കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ പേരില്‍ പോലീസ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. നിരവധി യുവതികളെ സൈജു ഭീഷണിപ്പെടുത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുന്ന സൈജു ഇവരെ ബ്ലാക്‌മെയില്‍ ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. ലഹരിമരുന്നു നല്‍കി കുറ്റകൃതൃങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതാണ് സൈജുവിന്റെ രീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഇതേതുടർന്ന് സൈജു ഭീഷണിപ്പെടുത്തിയ യുവതികളില്‍ നിന്നും പരാതി എഴുതി വാങ്ങി കേസെടുക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം ഇയാള്‍ പങ്കാളിയായ റാക്കറ്റിനെ ഭയന്ന് പലരും പരാതി നല്‍കാന്‍ പോലും തയാറായിരുന്നില്ല. സൈജുവിന്റെ ഫോൺ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ നിരവധി യുവതികളുടെ ചിത്രങ്ങള്‍ കണ്ടെത്തി. ഇവരെക്കുറിച്ചും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ആഡംബര കാറില്‍നിന്ന് ഗര്‍ഭനിരോധന ഉറകളും ലഭിച്ചിരുന്നു. കാമറകള്‍, കിടക്ക, ഡിജെ പാര്‍ട്ടിക്ക് വേണ്ട സംഗീത സംവിധാനങ്ങള്‍ തുടങ്ങി നക്ഷത്ര വേശ്യാലയത്തിന് സമാനമായ എല്ലാ സജ്ജീകരണങ്ങളും കാറില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ പിന്നീട് ഭീഷണിപ്പെടുത്തിയാണ് സൈജു വശത്താക്കിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. സഞ്ചരിക്കുന്ന ആഡംബരക്കാറിലെ ഈ സൗകര്യം പല പ്രമുഖരും ഉപയോഗിച്ചിരുന്നതായാണ് ആരോപണം.
അതേസമയം, സൈജു പകര്‍ത്തിയ ഡിജെ പാര്‍ട്ടികളുടെ ദൃശ്യങ്ങള്‍ ഫോണില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. സൈജുവിനൊപ്പം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യും.പാർട്ടികളിൽ പങ്കെടുത്ത യുവതികളുടെ മൊഴിയും രേഖപ്പെടുത്തും. സൈജുവിന് മയക്കുമരുന്ന് ഇടപാടുകളുണ്ടോ എന്ന കാര്യം പരിശോധിക്കുന്ന അന്വേഷണ സംഘം സൈജുവുമായി നിരന്തരം ബന്ധപ്പെട്ട സുഹൃത്തുക്കളെ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് സൈജുവിന്റെ പതിവായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനായുള്ള സൈജുവിന്റെ ആവശ്യം എതിര്‍ത്തതാണ് മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയില്‍ കാറില്‍ പിന്തുടരാനും കാരണമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം ചോദ്യം ചെയ്യലിനോട് സൈജു സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Post Your Comments