തിരുവനന്തപുരം : തന്റെ മിന്നൽ പരിശോധനയെ വിമർശിക്കുന്നർക്കെതിരെ മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനങ്ങളെ മുൻനിർത്തി ഇത്തരം പരിശോധനകൾ ഇനിയും ആവർത്തിക്കും.വിമർശിക്കുന്നവർ വിമർശിക്കട്ടെ എന്നും എന്ത് വന്നാലും ഇതു പോലെ തന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാൻ പറ്റില്ല, കാര്യങ്ങൾ സുതാര്യമായി നടക്കാനാണ് ജനങ്ങളെ കാണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
‘റസ്റ്റ് ഹൗസിൽ എന്താണ് നടക്കുന്നതെന്ന് ജനം അറിയണം. അത് രഹസ്യമാക്കി വെയ്‌ക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പരസ്യമാക്കി തന്നെ പോയത്. നേരത്തെ ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ വളരെ നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. വിമർശിക്കുന്നവർ വിമർശിക്കട്ടെ. താൻ അത് കാര്യമാക്കുന്നില്ല. നന്നായി റസ്റ്റ് ഹൗസുകൾ കൈകാര്യം ചെയ്തവരെ അഭിനന്ദിച്ചിട്ടുണ്ട്. ജനത്തെ കാര്യങ്ങൾ അറിയിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്. അത് ക്ലിയർ ചെയ്യാനുള്ള ഉത്തരവാദിത്തവും തനിക്കുണ്ട്. ജനങ്ങളെ മുൻനിർത്തി ഇത്തരം പരിശോധനകൾ ആവർത്തിക്കും. ഒരു മന്ത്രിക്ക് ചെയ്യാൻ കഴിയുന്നതിന്റെ നൂറ് ശതമാനവും ചെയ്യും’- മുഹമ്മദ് റിയാസ് പറഞ്ഞു.
Read Also : ഡിസിഎ കോഴ്‌സ് ഏഴാം ബാച്ചില്‍ പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കഴിഞ്ഞ ദിവസം വടകര റസ്റ്റ് ഹൗസിൽ മന്ത്രി മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ, ഇത് പിആർ വർക്കാണെന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയർന്നത്. ചെയ്യുന്നതെല്ലാം മാധ്യമങ്ങളെ അറിയിച്ച് ചെയ്യുന്നത് എന്തിനാണെന്നും, റോഡിന്റെ അവസ്ഥ കാണാൻ മന്ത്രി തയ്യാറാകത്തത് എന്താണെന്നുമായിരുന്നു വിമർശനം ഉയർന്നത്.
Post Your Comments