നെടുമങ്ങാട്: പിടിച്ചുപറി കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. വർക്കല വെട്ടൂർ നെടുങ്ങണ്ട തോണ്ടൽ തെക്കതു വീട്ടിൽ ജഹാംഗീർ (42) ആണ് കോടതിയിൽ കീഴടങ്ങിയത്. യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലാണ് പ്രതി കീഴടങ്ങിയത്.
നെടുമങ്ങാട് കുളവിക്കോണം അബിയ ഗോൾഡ് ജുവലറി നടത്തി വന്ന ജീമോനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും കൈവശമുണ്ടായിരുന്ന അഞ്ചുലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിനിടെയാണ് പ്രതി കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയത്.
Read Also : യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം : പ്രതി പിടിയിൽ
കഴിഞ്ഞ 19ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കാറിൽ കുളവിക്കോണം അബിയ ഗോൾഡ് ജുവലറിയിലെത്തിയ ജഹാംഗീർ ചുള്ളിമാനൂരുള്ള ഫൈനാൻസ് സ്ഥാപനത്തിൽ പണയം വച്ചിട്ടുള്ള സ്വർണം തിരികെ എടുക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ജീമോനെ കാറിൽ കയറ്റിക്കൊണ്ട് പോയി. തുടർന്ന് വഴിയിൽ നിന്നു മറ്റു മൂന്ന് പേരേയും കയറ്റി വലിയമല ഐ.എസ്.ആർ.ഒ ജങ്ഷനു സമീപം വച്ച് ജീമോനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കൈവശമുണ്ടായിരുന്ന പണം പിടിച്ചു പറിക്കുകയായിരുന്നു.
കേസിലെ രണ്ടും നാലും പ്രതികളായ വർക്കല വെട്ടൂർ അക്കരവിള കുഴിവിള വീട്ടിൽ പൂട എന്നു വിളിക്കുന്ന ഷംനാദ് (35), വർക്കല വില ജഗന്നാഥപുരം ചരുവിള വീട്ടിൽ കപ്പലണ്ടി എന്നു വിളിക്കുന്ന റിയാദ് (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കോടതിയിൽ കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments