ഡൽഹി: ലോകത്ത് ഭീതി പടർത്തി വ്യാപിക്കുന്ന കൊവിഡ് വകഭേദം ഒമൈക്രോൺ ക്രിക്കറ്റിനും ഭീഷണിയായേക്കും. ഈ സാഹചര്യത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനത്തിലാണ്. ഇതിലെ മത്സരങ്ങളെയും രോഗവ്യാപനം ബാധിച്ചേക്കും.
ഡിസംബർ 17 മുതലാണ് ഇന്ത്യൻ സീനിയർ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കാൻ ഇരിക്കുന്നത്. മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ട്വെന്റി 20 മത്സരങ്ങളും അടങ്ങിയ മുഴുനീള പരമ്പരയാണ് ഇപ്പോൾ ആശങ്കയുടെ നിഴലിലായിരിക്കുന്നത്. ജൊഹന്നാസ്ബർഗ്, സെഞ്ചൂറിയൻ, പാൾ, കേപ് ടൗൺ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
അതേസമയം ജോഹന്നാസ്ബർഗ്, സെഞ്ചൂറിയൻ ഉൾപ്പെടുന്ന പ്രിട്ടോറിയ എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം പടർന്നു പിടിക്കുന്നത്. എന്നാൽ പരമ്പര മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ബിസിസിഐ നൽകുന്ന വിവരം. നിലവിൽ ന്യൂസിലാൻഡുമായി നടക്കുന്ന മത്സരങ്ങൾ പൂർത്തിയായാലുടൻ, ഡിസംബർ എട്ടിനോ ഒൻപതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നും ബിസിസിഐ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് കൂടുതൽ വ്യക്തത കൈവരുന്നത് വരെ മറ്റൊന്നും ചിന്തിക്കുന്നില്ലെന്നും ബിസിസിഐ അറിയിച്ചു.
Post Your Comments