
വാഷിംഗ്ടൺ: ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോൺ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. അമേരിക്കയിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ വൈറസ് വകഭേദം പ്രസിഡന്റ് ജോ ബൈഡന് തലവേദന സൃഷ്ടിക്കുമെന്ന കണക്ക്കൂട്ടലിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
Also Read:ബാഗിന് വേണ്ടി അരുംകൊല: ലണ്ടനിൽ സിഖ് ബാലൻ കുത്തേറ്റ് മരിച്ചു
ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ ബൈഡൻ സർക്കാർ പരാജയപ്പെട്ടു എന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ ഭീഷണിയായി ഒമൈക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ബഹറിൻ തുടങ്ങിയ രാജ്യങ്ങൾ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, സിംബാബ്വെ, നമീബിയ, ലെസോതോ, എസ്വറ്റിനി, മൊസാംബിക്, മലാവി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പതിനാല് ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിൽ യാത്ര ചെയ്ത വിദേശ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശനമുണ്ടാകില്ല. ഒമൈക്രോൺ ലോകാരോഗ്യത്തിന് പുതിയ ഭീഷണിയായേക്കാമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Post Your Comments