തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടികളുമായി സർക്കാർ. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ടെൻഡർ നടപടികൾ വേഗത്തിലാക്കുകയാണ് പൊലിസ്. ആറു പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിന്‍ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനാണ് നീക്കം. ഇതിനായി ഓപൺ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.ആറാം തിയതി ഫിസിക്കൽ ബിഡ് പേരൂർക്കട എഫ്‌സിബി ഗ്രൗണ്ടിൽ നടക്കും.
അടുത്തമാസം നാലിന് ഡിജിപി അധ്യക്ഷനായ സമിതി ടെക്നിക്കൽ ബിഡ് പരിശോധിക്കും. മൂന്നു വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഹെലികോപ്റ്ററിന് 15 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ലെന്നും മാസം 20 മണിക്കൂർ പറക്കേണ്ടി വരുമെന്നുമാണ് പ്രധാന നിബന്ധന. മാവോയിസ്റ്റ് നിരീക്ഷണം, രക്ഷാപ്രവർത്തനം, വിഐപി സന്ദർശനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്.
നേരത്തെ പവൻ ഹൻസിന്റെ ഹെലികോപ്റ്ററാണ് കേരള പോലീസ് ഉപയോഗിച്ചിരുന്നത്. നാല് മാസം മുമ്പ് ഈ കരാർ അവസാനിച്ചു. ഈ കാലയളവില്‍ വാടകയ്ക്കും, ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി, 20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടക എന്ന നിലയിലായിരുന്നു കരാർ. ഭീമമായ തുക ഹെലികോപ്റ്റർ വാടകയായി ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതോടെ ഓഗസ്റ്റില്‍ ഈ നീക്കം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
Post Your Comments