കൊച്ചി: കടവന്ത്ര സ്വദേശിനിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുമ്പളം പനങ്ങാട് ചേപ്പനം ബണ്ട് റോഡിൽ തൈപ്പറമ്പിൽ വീട്ടിൽ ജോർജ് ഷൈനാണ് (42) പൊലീസ് പിടിയിലായത്. സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ 14ന് ആണ് കേസിനാസ്പദമായ സംഭവം. പെരുമാനൂരിലെ ജ്വല്ലറി ഉടമ രാവിലെ കട തുറക്കാൻ എത്തിയപ്പോൾ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വെച്ചിരുന്ന ബാഗ് പ്രതി മോഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബാഗിൽ ഒരുലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 10,000 രൂപയുടെ മൊബൈൽ ഫോണുമുണ്ടായിരുന്നു. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.
Read Also : മോഷണക്കേസിൽ ജാമ്യം നേടി മുങ്ങി : പ്രതി ഏഴു വർഷത്തിനുശേഷം അറസ്റ്റിൽ
ദൃശ്യങ്ങളിൽ നിന്ന് പ്രതി ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ നമ്പർ ലഭിക്കുകയും ഇത് പരിശോധിച്ച് പിടികൂടുകയുമായിരുന്നു. മാല ഉരുക്കി കട്ടിയാക്കി വിൽപന നടത്തിയതായും 5.6 ഗ്രാം സ്വർണം പണയം വെച്ചതായും പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ എറണാകുളം പറമ്പിത്തറ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലെ ഓൺലൈൻ ഡെലിവറി സാധനങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments