പരപ്പനങ്ങാടി: പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പഴയ ശാഖയിൽ മോഷണം നടത്തിയ യുവാവ് 11 വർഷത്തിനു ശേഷം അറസ്റ്റിൽ. തമിഴ്നാട് കുറുവ സംഘത്തിലെ കുഞ്ഞൻ എന്ന അറമുഖനാണ് പിടിയിലായത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘം ആണ് ഇയാളെ പിടികൂടിയത്.
പരപ്പനങ്ങാടി സഹകരണ ബാങ്കിന്റെ പഴയ ശാഖയിൽ പിൻഭാഗത്തുള്ള ജനൽ ചില്ല് തകർത്ത് രണ്ട് കമ്പികൾ ഇളക്കിമാറ്റി അകത്തുകടന്ന പ്രതി ബാങ്കിനകത്ത് സൂക്ഷിച്ചിരുന്ന ധർമപ്പെട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതിയെ പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ 11 വർഷത്തിന് ശേഷമാണ് പിടികൂടിയത്.
Read Also : മദ്യപാനത്തിനിടെ തർക്കം : അറുപതുകാരൻ കുത്തേറ്റ് മരിച്ചു, പ്രതി പിടിയിൽ
ഇയാൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപകഞ്ചേരി, മഞ്ചേരി സ്റ്റേഷനിലും മറ്റും കളവ് കേസുകളുണ്ട്. കുന്നംകുളം, പരപ്പനങ്ങാടി, താനൂർ, എടക്കര സ്റ്റേഷനുകളിൽ കവർച്ച, ഭവന ഭേദനം, എ.ടി.എം പൊളിക്കൽ കേസുകളും പ്രതിയുടെ പേരിലുണ്ട്.
പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി ഇൻസ്പക്ടർ ഹണി കെ. ദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ദീൻ, അഭിമന്യു, ആൽബിൻ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments