മനാമ: ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി ബഹ്റൈൻ. കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സൗത്ത് ആഫ്രിക്ക ഉൾപ്പടെ ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്സാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സൗത്ത് ആഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലെസോതോ, എസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കാണ് ബഹ്റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതെന്ന് സിവിൽ ഏവിയേഷൻ ഡിഫൻസ് അറിയിച്ചു. ഈ തീരുമാന പ്രകാരം, നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശ പ്രകാരമുള്ള ഈ വിലക്കിൽ നിന്ന് ബഹ്റൈൻ പൗരന്മാർ, ബഹ്റൈൻ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് വിമാനങ്ങളിൽ നേരിട്ടും, അല്ലാതെയും എത്തുന്ന മുഴുവൻ പേർക്കും ഈ തീരുമാനം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കുന്നു. അതേസമയം സൗദി അറേബ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളും സമാനമായ രീതിയിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments