മുംബൈ: മഹാരാഷ്ട്രയിലെ കുര്‍ളയില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. എച്ച്.ഡി.ഐ.എല്‍. കോളനിയിലെ കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായംതോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ട് ചില ആണ്‍കുട്ടികള്‍ വീഡിയോ ചിത്രീകരിക്കാനായി ഈ കെട്ടിടത്തില്‍ എത്തിയിരുന്നു. ഇവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കുട്ടികള്‍ പോലീസിനെ വിവരമറിയിച്ചെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണയ് അശോക് പറഞ്ഞു. അഴുകിത്തുടങ്ങിയനിലയിലായിരുന്നു യുവതിയുടെ മൃതദേഹം. യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗത്തിനിരയായെന്നും തെളിഞ്ഞു. യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേകസംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട്, മൃതദേഹം കണ്ട കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. അതേസമയം, യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തി.
ഒരിക്കല്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷയുടെ പേരില്‍ അറിയപ്പെട്ടിരുന്ന മുംബൈ നഗരത്തില്‍ ഇപ്പോള്‍ ജംഗിള്‍ രാജാണെന്നും ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബി.ജെ.പി. വൈസ് പ്രസിഡന്റ് ചിത്ര കിഷോര്‍ വാഗ് ആരോപിച്ചു. സ്ത്രീസുരക്ഷയെക്കാള്‍ മുംബൈയിലെ നൈറ്റ് ലൈഫില്‍ സര്‍ക്കാര്‍ ശ്രദ്ധചെലുത്തുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
Post Your Comments