ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിനാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. ഗൗതംബുദ്ധ നഗറിലെ ജോവാറിലാണ് 29,560 കോടി രൂപ ചെലവില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കുന്നത്. വലിപ്പത്തില്‍ ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ നാലാം സ്ഥാനവും പണി പൂര്‍ത്തിയാകുന്നതോടെ ഈ വിമാനത്താവളത്തിന് സ്വന്തമാവും. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സൂറിച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് നിര്‍മ്മാണം 2024 ഓടെ പൂര്‍ത്തിയാക്കാനാവും എന്നാണ് കരുതുന്നത്.
Read Also : ഗതാഗത കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ‘സൈറണ്‍’: യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി
ജോവാറിലെ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ ലോകത്തിന്റെ ഭൂപടത്തില്‍ തന്നെ യുപിക്ക് പ്രത്യേക സ്ഥാനം കൈവരും. പ്രധാനമായും വിനോദസഞ്ചാരം, കയറ്റുമതി, തൊഴില്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലാവും മാറ്റം വരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കുതിച്ച് ചാട്ടമുണ്ടാകുകയും ചെയ്യും.
ജോവാറിലെ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ ഒരു ലക്ഷം പേര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കും. ഉത്തര്‍പ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും. ബൃഹത്തായ പദ്ധതിയായതിനാല്‍ തന്നെ വിമാനത്താവളത്തിന്റെ നിര്‍മ്മാണഘട്ടത്തിലും പതിനായിരങ്ങള്‍ക്ക് ജോലി ലഭിക്കും. വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നേരിട്ടും, അല്ലാതെയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതമാര്‍ഗം കൈവരും. യുപിയില്‍ നിന്നും തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന് പൂര്‍ത്തിയാക്കാനാവും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം, സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ നിക്ഷേപവും ഒഴുകും. 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളം കൊണ്ടുവരുമെന്ന് അധികൃതര്‍ കണക്കാക്കുന്നു. വിമാനത്താവളം പൂര്‍ത്തിയായി ആദ്യ വര്‍ഷങ്ങളില്‍ തന്നെ സമീപ പ്രദേശങ്ങളില്‍ 10,000 കോടിയുടെ നിക്ഷേപം ഉണ്ടാവും.
വിമാനത്താവളത്തിലൂടെ യു പിയുടെ ടൂറിസത്തില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിക്കും. വിമാനത്താവളം പൂര്‍ത്തിയാകുമ്പോള്‍, കിഴക്കന്‍ ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡ, മീററ്റ്, പടിഞ്ഞാറന്‍ യുപി ജില്ലകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാവും. പ്രതിവര്‍ഷം ഒരു കോടിയിലധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഈ വിമാനത്താവളം ആഗ്രയിലെയും മഥുരയിലെയും വിനോദസഞ്ചാരത്തിന് മുതല്‍ക്കൂട്ടാവും. ഡല്‍ഹിയിലിറങ്ങാതെ യുപിയിലെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാനാവും.
Post Your Comments