എടപ്പാൾ: കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വീടിനകത്ത് കയറി മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഷൊർണൂർ കയിലിയാട് സ്വദേശി ചീരൻകുഴി മണികണ്ഠൻ (49) ആണ് പിടിയിലായത്.
വ്യാഴാഴ്ച പുലർച്ച 5.30ഓടെയാണ് സംഭവം. കാലടി വാരിയത്ത് ബാബുവിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. ബാബുവിന്റെ ഭാര്യ പുറത്തെ ബാത്റൂമിൽ പോയ സമയത്ത് മോഷ്ടാവ് വീടിന് അകത്ത് കയറുകയായിരുന്നു. തുടർന്ന് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ബാബുവിന്റെ മാതാവ് വിലാസിനിയുടെ മാലയും മൊബൈൽ ഫോണും ബാഗും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
Read Also : ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമനസേനാംഗങ്ങൾ
മോഷണ വിവരമറിഞ്ഞ് എഴുന്നേറ്റ ബാബു നാട്ടുകാരോട് വിവരമറിയിച്ചതിനെ തുടർന്ന് റോഡിലൂടെ നടന്നുപോകുകയായിരുന്ന മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പൊട്ടിയ സ്വർണമാല, പഴ്സുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു.
പ്രതി വിയൂർ ജയിലിൽ നിന്ന് മോഷണത്തിന് തടവു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ഇയാളുടെ പേരിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10-ലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂർ, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ അഭിലാഷ്, ഡ്രൈവർ സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments