അബുദാബി: അയൽ രാജ്യങ്ങളിൽ നിന്ന് കര അതിർത്തികളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുതുക്കി നിശ്ചയിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുമായി ചേർന്നാണ് NCEMA ഈ തീരുമാനം നടപ്പിലാക്കുന്നത്.
ഈ തീരുമാനങ്ങൾ യു എ ഇയുടെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്ന അയൽ രാജ്യങ്ങളിലെ പൗരന്മാർക്കും, വിദേശികൾക്കും, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ബാധകമാകുന്നതാണ്. തുടർച്ചയായി കര അതിർത്തിയിലൂടെ പ്രവേശിക്കുകയും, തിരികെ മടങ്ങുകയും ചെയ്യുന്നവർക്കും ഈ നടപടിക്രമങ്ങൾ ബാധകമാണ്. 2021 നവംബർ 23 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നു.
ഈ തീരുമാന പ്രകാരം, യു എ ഇയുടെ കര അതിർത്തികളിലൂടെ പ്രവേശിക്കുന്ന മുഴുവൻ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ പൗരന്മാരും, അംഗീകൃത വാക്‌സിനുകളും ബൂസ്റ്റർ ഡോസുകളും ഉപയോഗിച്ച് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ വിദേശികളും യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് 14 ദിവസത്തിനിടയിൽ നേടിയ പിസിആർ നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇത്തരം സന്ദർശകർ യു എ ഇയിൽ തുടർച്ചയായി ആറ് ദിവസമോ അതിൽ കൂടുതലോ താമസിച്ചാൽ പ്രവേശനത്തിന്റെ ആറാം ദിവസം മറ്റൊരു പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്.
Read Also: ഡിജിറ്റൽ ഇലക്ട്രോണിക് രംഗത്ത് യോജിച്ച് പ്രവർത്തിക്കാൻ ഇന്ത്യയും സൗദിയും തമ്മിൽ ധാരണ
അതേസമയം വാക്‌സിനേഷൻ പൂർത്തിയാക്കാത്തവർ യു എ ഇയിൽ എത്തിച്ചേരുന്ന തീയതിക്ക് 72 മണിക്കൂർ മുമ്പ് നടത്തിയ പിസിആർ നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർ നാല് ദിവസമോ അതിൽ കൂടുതലോ യുഎഇയിൽ താമസിക്കുന്ന അവസരത്തിൽ പ്രവേശനത്തിന്റെ നാലാം ദിവസം മറ്റൊരു പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്. എട്ട് ദിവസമോ അതിൽ കൂടുതലോ താമസിക്കുന്നവർ എട്ടാം ദിവസം മറ്റൊരു പിസിആർ ടെസ്റ്റ് കൂടി നടത്തണം.
Post Your Comments