അബുദാബി: കോവിഡ് വൈറസ് വ്യാപനത്തിൽ നിന്നും സുരക്ഷ വർധിപ്പിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎഇ. കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ ബൂസ്റ്റർ ഡോസ് വാക്സിൻ എടുത്ത് സുരക്ഷിതരാകണമെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർഥിക്കുന്നത്. സ്വദേശികളുടെയും താമസക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു നിർദ്ദേശം.
സിനോഫാം വാക്സിൻ എടുത്തവർ രണ്ടാം ഡോസ് എടുത്ത് ആറു മാസത്തിനു ശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇതര വാക്സിൻ എടുത്തവരും രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ടിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച ശേഷം 3 മാസത്തിനു ശേഷം ബൂസ്റ്റർ എടുക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രായമായവരും ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികൾക്കുമാണ് നേരത്തെ ബൂസ്റ്റർ ഡോസ് നൽകാൻ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നു. സിനോഫാം എടുത്തവർക്ക് ബൂസ്റ്ററായി അതേ വാക്സിനോ ഫൈസറോ എടുക്കാം. സിനോഫാമാണെങ്കിൽ ഒരു ഡോസും ഫൈസറാണെങ്കിൽ 2 ഡോസും എടുക്കണം. യുഎഇ ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർ 2 ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
Read Also: പോലീസ് ഡിപ്പാർട്ട്മെന്റിൽ കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
Post Your Comments