
ചെന്നൈ: വരുന്ന അഞ്ച് ദിവസം തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും പുതുച്ചേരിയിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ രാമനാഥപുരം, നാഗപട്ടണം ജില്ലകളിലെ ചിലയിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുതുച്ചേരിയിലെ കാരയ്ക്കലിന് പുറമെ തമിഴ്‌നാട്ടിലെ മധുര, തേനി, ശിവഗംഗ, കന്യാകുമാരി, പുതുക്കോട്ട, തെങ്കാശി ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബര്‍ 27, 28 തീയതികളില്‍ രായലസീമ മേഖലയിലും കിഴക്കന്‍ ഗോദാവരി ജില്ലയിലെ യാനം ഉള്‍പ്പെടെ ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
നവംബര്‍ 24, 25 തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മാന്നാര്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Post Your Comments