ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ ഓട്ടോറിക്ഷ വാടകയെ ചൊല്ലി അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിനു നേരെ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പെരുംകുളം വയലിൽ വീട്ടിൽ നാസർ (63), പെരുംകുളം ഷിബു മൻസിലിൽ ശേഖർ എന്ന ഷാജി (52) എന്നിവരാണ് പിടിയിലായത്.
മണനാക്ക് പെരുങ്കുളം കാവുവിള റോഡിൽ സരസ്വതിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കറുപ്പസ്വാമി (63) മകനും ഓട്ടോ ഡ്രൈവറുമായ ബിജു (39) ഭാര്യ രാസാത്തി (34 ) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയാണ് സംഭവം.
രാവിലെ പാൽ കറക്കാൻ പോകുന്നവഴിക്കു മണനാക്കിൽ രണ്ടംഗസംഘം കറുപ്പസ്വാമിയെ വഴിയിൽ തടഞ്ഞു മർദിച്ചവശനാക്കി. റോഡിൽ കുഴഞ്ഞുവീണ കറുപ്പസ്വാമിയുടെ കൈ അടിച്ചൊടിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾ കറുപ്പസ്വാമിയുടെ വീട്ടിലെത്തി വീടിനു സമീപം പാർക്കു ചെയ്തിരുന്ന ബിജുവിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ഭാര്യ രാസാത്തിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
Read Also : വീട്ടിൽ മൃതദേഹം അഴുകിയ നിലയില് : കൊലപാതകമോയെന്ന് സംശയം, ദുരൂഹത
നാട്ടുകാർ ചേർന്നാണ് ഗുരുതര പരിക്കേറ്റ കറുപ്പസ്വാമിയെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. ഓട്ടോറിക്ഷ വാടക കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണു അക്രമത്തിൽ കലാശിച്ചതെന്നു കടയ്ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ് പറഞ്ഞു.
ഒന്നാംപ്രതി നാസറിനെ മെഡിക്കൽ കോളജിനു സമീപമുള്ള ഒരു ലോഡ്ജിൽ നിന്നും രണ്ടാം പ്രതി ഷാജിയെ വർക്കല മുതൽ പൊലീസ് പിന്തുടർന്നെങ്കിലും പെരുംകുളത്തു വെച്ചാണ് പിടികൂടിയത്. എസ്.എച്ച്.ഒ കെ. അജേഷ്, എസ്.ഐ എസ്.എസ്. ദിപു, കെ.എസ് നാസറുദ്ദീൻ, ബി. മഹീൻ, എ.എസ്.ഐ ശ്രീകുമാർ, ജയകുമാർ, ജ്യോതിഷ്, സുജിൻ, സന്തോഷ്, സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments