
ഇസ്ലാമാബാദ്: ഭീകര സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദഗ്ധർ. തെഹ്രീക് ഇ താലിബാൻ, തെഹ്രീക് ഇ ലബ്ബൈക്, അഫ്ഗാൻ താലിബാൻ എന്നിവർക്ക് മുന്നിൽ ഇമ്രാൻ ഖാൻ സർക്കാർ മുട്ടുമടക്കിയതായി ശനിയാഴ്ച നടന്ന സെമിനാറിൽ രാഷ്ട്രീയ വിദഗ്ധർ കുറ്റപ്പെടുത്തി. പാകിസ്ഥാൻ താലിബാനെ പിന്തുണയ്ക്കും തോറും രാജ്യത്ത് ഭീകരവാദം വളരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ കൂട്ടായ പരാജയം എന്നാണ് വിദഗ്ധർ വിശേഷിപ്പിച്ചത്. 2001ൽ താലിബാൻ കണ്ട അഫ്ഗാനിസ്ഥാനല്ല ഇന്നത്തെ അഫ്ഗാനിസ്ഥാൻ. അമേരിക്കയുമായി അനാവശ്യ വിദ്വേഷം പുലർത്താതെ പക്വതയോടെ മുന്നോട്ട് പോകാനും സെമിനാർ താലിബാനോട് ആവശ്യപ്പെടുന്നു. താലിബാനെ പിന്തുണയ്ക്കുന്ന പാക് നയം അഫ്ഗാൻ ജനതക്ക് യാതൊരു വിധത്തിലുള്ള ഗുണവും ചെയ്യില്ലെന്നും സെമിനാറിൽ അഭിപ്രായം ഉയർന്നതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
അഫ്ഗാൻ ജനതയുടെ താത്പര്യം സംരക്ഷിക്കുന്നതിന് പകരം ഇന്ത്യൻ നയങ്ങളെ പരാജയപ്പെടുത്താനാണ് പാകിസ്ഥാൻ താത്പര്യം പ്രകടിപ്പിച്ചതെന്നും സെമിനാർ കുറ്റപ്പെടുത്തി. പൊളിറ്റിക്കൽ ഇസ്ലാം എന്ന ആശയം പേറുന്ന ഭീകര സംഘടനകളുമായുള്ള ഇമ്രാൻ ഖാന്റെ ചങ്ങാത്തം പാകിസ്ഥാന് നല്ലതാവില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഫ്ഗാനിസ്ഥാൻ വിടാനുള്ള അമേരിക്കൻ തീരുമാനം തെറ്റായിരുന്നുവെന്നും സെമിനാർ വിലയിരുത്തുന്നു.
അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകർ, മുൻ അഫ്ഗാൻ മന്ത്രിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സെമിനാർ.
Post Your Comments