തിരുവനന്തപുരം: ഹലാൽ വിവാദത്തിൽ പ്രതികരിച്ച് നെൽസൻ ജോസഫ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാൻ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിൻ്റെടേൽ കയറി കുത്തുമ്പൊഴുണ്ടാവുന്ന ഓരോ സൂക്കേടുകളെന്നാണ് നെൽസൻ ജോസഫിന്റെ പ്രതികരണം. ഭക്ഷണത്തിൻ്റെ പേരിൽ വെറുപ്പും വിറ്റോണ്ട് കുറേപ്പേർ നടക്കുന്നത് കുറച്ചു നാളായിട്ട് ശ്രദ്ധിക്കുന്നതാണെന്നും ഇതൊക്കെ വിൽക്കാൻ വച്ചിരിക്കുന്നതും ആൾക്കാർ കാശ് കൊടുത്ത് വാങ്ങിക്കുന്നതുമാണെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യമെന്നും നെൽസൻ ജോസഫ് പറയുന്നു.
Also Read:പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണു മരിച്ചു
‘വഴീലൂടെ നടന്ന് പോവുമ്പൊ നിങ്ങളെയൊന്നും ആരും ഓംനി വാനിൽ പിടിച്ചുകെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി ബലമായി തീറ്റിക്കുന്നതല്ല. അപ്പൊ ഹലാൽ എന്ന് എഴുതിവച്ചിരിക്കുന്നിടത്ത് നിന്നേ ഒരാൾ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞാൽ ‘ഞാൻ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നേ ഭക്ഷണം കഴിക്കൂ’ എന്ന് മറ്റൊരാൾ പറയുന്നതിൽ നിന്ന് എനിക്ക് യാതൊരു വ്യത്യാസവും തോന്നില്ല’, നെൽസൻ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഭക്ഷണത്തിൻ്റെ പേരിൽ വെറുപ്പും വിറ്റോണ്ട് കുറേപ്പേർ നടക്കുന്നത് കുറച്ചു നാളായിട്ട് ശ്രദ്ധിക്കുന്നതാണ്. മൂന്ന് നേരം മൂക്ക് മുട്ടെ തിന്നാൻ വകയുണ്ടായപ്പൊ തിന്നിട്ട് എല്ലിൻ്റെടേൽ കയറി കുത്തുമ്പൊഴുണ്ടാവുന്ന ഓരോ സൂക്കേടുകളാണ്. അല്ലാതിരുന്ന കാലത്ത് എന്തെങ്കിലും അകത്തോട്ട് പോവാനുണ്ടായിരുന്നെങ്കിലെന്നേ ചിന്തിച്ചിരുന്നുള്ളൂ.
ഇതൊക്കെ വിൽക്കാൻ വച്ചിരിക്കുന്നതും ആൾക്കാർ കാശ് കൊടുത്ത് വാങ്ങിക്കുന്നതുമാണെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്ന് വച്ചാൽ വഴീലൂടെ നടന്ന് പോവുമ്പൊ നിങ്ങളെയൊന്നും ആരും ഓംനി വാനിൽ പിടിച്ചുകെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി ബലമായി തീറ്റിക്കുന്നതല്ല എന്ന്.
അപ്പൊ ഹലാൽ എന്ന് എഴുതിവച്ചിരിക്കുന്നിടത്ത് നിന്നേ ഒരാൾ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞാൽ ‘ഞാൻ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നേ ഭക്ഷണം കഴിക്കൂ’ എന്ന് മറ്റൊരാൾ പറയുന്നതിൽ നിന്ന് എനിക്ക് യാതൊരു വ്യത്യാസവും തോന്നില്ല.
അവിടെ നിന്ന് കഴിക്കുന്നില്ലെന്നും നിങ്ങൾക്ക് തീരുമാനിക്കാം.
പക്ഷേ അതിൻ്റെ പേരിൽ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും ആൾക്കാരെ ഭിന്നിപ്പിക്കാനുമൊന്നും ഇവിടെ ഒരുത്തനും ലൈസൻസ് തന്നിട്ടില്ല.
മാത്രമല്ല, അത് ശുദ്ധ തോന്ന്യവാസമാണ്.
ഇനി വ്യക്തിപരമായി പറഞ്ഞാൽ.
കഴിക്കാൻ കൊള്ളാവുന്ന ഭക്ഷണം, വൃത്തിയുള്ളിടത്ത്, റീസണബിളായ വിലയിൽ കിട്ടിയാൽ ബോർഡിൽ എഴുതി വച്ചിരിക്കുന്നത് നോക്കാതെ കഴിക്കും.
അതാണ് ശീലം. അത് അങ്ങനെതന്നെ തുടരാനേ സൗകര്യപ്പെടൂ.
Post Your Comments