ഭുവനേശ്വര്‍: വിവാഹദിനത്തില്‍ വരന്റെ വീടിന്റെ മുന്നില്‍ മണിക്കൂറുകളോളം ധര്‍ണയിരുന്ന് വധു . വരനെ കാണാതായതിനെ തുടര്‍ന്നാണ് വരന്റെ വീടിന് മുന്നില്‍ വധു മണിക്കൂറുകളോളം ധര്‍ണയിരുന്നത്. കഴിഞ്ഞ ദിവസം ബര്‍ഹാംപൂരിലായിരുന്നു സംഭവം നടന്നത്. ഭുവനേശ്വര്‍ സ്വദേശിനി ഡിംപിള്‍ ഡാഷാണ് വിവാഹവേഷത്തില്‍ ധര്‍ണയിരുന്നത്.
Read Also : പീഡനക്കേസ് പ്രതി മൂന്നു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ
ഡിംപിളും വരന്‍ സുമീത് സാഹുവും കുറച്ച് നാള്‍ മുമ്പ് നിയമപരമായി വിവാഹിതരായിരുന്നു. എന്നാല്‍, കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ആചാരപ്രകാരം ഒരിക്കല്‍ കൂടി വിവാഹം കഴിക്കാനായിരുന്നു തീരുമാനം. നിശ്ചയിച്ചുറപ്പിച്ച വിവാഹദിനത്തില്‍ വരനും കുടുംബവും എത്താതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
‘കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 7 ന് ഞങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും മോശം അനുഭവങ്ങളാണ് ഉണ്ടായത്. ദിവസങ്ങളോളം മുകളിലത്തെ മുറിയില്‍ പൂട്ടിയിട്ടു. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ ഭര്‍ത്താവ് പിന്തുണച്ചിരുന്നെങ്കിലും പിന്നീട് കുടുംബത്തോടൊപ്പം നില്‍ക്കുകയായിരുന്നു. തീരെ സഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം വന്നതോടെയാണ് എന്റെ വീട്ടിലേക്ക് വന്ന് ആചാരപ്രകാരം വിവാഹം കഴിക്കാമെന്ന് പറയുന്നത്. ‘ ഡിംപിള്‍ പറഞ്ഞു. ആ വാക്ക് വിശ്വസിച്ചാണ് ഡിംപിളും കുടുംബവും വിവാഹവേദിയിലെത്തിയത്. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കാണാതായതോടെയാണ് ഡിംപിളും അമ്മയും സുമീതിന്റെ വീടിന് മുന്നിലെത്തി സമരം തുടങ്ങിയത്.
അതേസമയം, തന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടാണ് ഇപ്പോള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് സുമീതിനെതിരെ കടുത്ത ആരോപണവുമായി ഡിംപിളിന്റെ അമ്മയുമെത്തി. വീടിന് മുന്നിലെ സമരം അറിഞ്ഞ് പൊലീസും മാദ്ധ്യമങ്ങളും എത്തി. ഇതേ ദമ്പതികളുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ബെര്‍ഹാംപൂര്‍ പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Post Your Comments